
തിരുവനന്തപുരം: എ.കെ. ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺവിളി കേസ് അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ ഇന്ന് സർക്കാരിന് റിപ്പോർട്ട് നൽകും. ജസ്റ്റിസ് പിഎസ് ആന്റണി കമ്മീഷൻ റിപ്പോർട്ട് ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തേക്കുള്ള മടക്കത്തിൽ ഏറെ നിർണ്ണായകമാണ്. രാവിലെ ഒൻപതരയ്ക്ക് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറും.
തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റക്കേസ് അല്ലെങ്കിൽ ശശീന്ദ്രന്റെ ഫോൺവിളികേസ്-ഏത് ആദ്യം തീരുന്നുവോ അയാളെ മന്ത്രിയാക്കണമെന്നാണ് എൻസിപി എൽഡിഎഫുമായുണ്ടാക്കിയ ധാരണ. അതുകൊണ്ട് തന്നെ ആന്റണി കമ്മീഷൻ റിപ്പോർട്ടിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
പരാതിക്കാരി മൊഴി നൽകാൻ കമ്മീഷൻ മുന്നിൽ എത്തിയിരുന്നില്ല, ശാസ്ത്രീയപരിശോധനകളും കമ്മീഷൻ നടത്തിയില്ല. ഇക്കാരണങ്ങൾ കൊണ്ട് റിപ്പോർട്ട് ശശീന്ദ്രന് അനുകൂലമാകുമെന്നാണ് സൂചന. ഡിസംബർ 31 വരെ കമ്മീഷൻ കാലാവധി ഉണ്ട്. 17 സാക്ഷികളെ വിസ്തരിച്ചു. 61 രേഖകളും പരിശോധിച്ചാണ് കമ്മീഷൻ നിശ്ചയിച്ച സമയത്തിലും നേരത്തെ റിപ്പോർട്ട് നൽകുന്നത്.
കോടതിക്ക് പുറത്ത് കേസ് ഒത്തുതീർപ്പാക്കാമെന്ന് പരാതിക്കാരി കഴിഞ്ഞദിവസം വ്യക്തമാക്കിയതും ശശീന്ദ്രന്റെ മറ്റൊരു അനുകൂലഘടകമാണ്. പക്ഷെ ഇതിൽ ഹൈക്കോടതിയുടെ തീർപ്പ് നിർണ്ണായകമാണ്. സോളാർ റിപ്പോർട്ട് ഉയർത്തി പ്രതിപക്ഷത്തെ നേരിടുമ്പോൾ ഫോൺവിളിയിൽ കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയാലും ശശീന്ദ്രനെ തിരിച്ചുകൊണ്ടുവരുന്നതിലെ ധാർമ്മികപ്രശ്നം എൽഡിഎഫിന് മുന്നിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam