
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗതാഗത-നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നടപടികൾ താല്‍ക്കാലികമായി മരവിപ്പിച്ചതായുള്ള വാര്‍ത്ത അധികൃതര്‍ നിഷേധിച്ചു
സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതെ വാഹനങ്ങളുടെ മുന്‍സീറ്റില്‍ യാത്ര ചെയ്യുന്നവരില്‍നിന്നും ഡ്രൈവിംഗിനിടയില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത് അടക്കമുള്ള ലംഘനങ്ങള്‍ക്കാണ് രണ്ട് മാസം വരെ വാഹനങ്ങള്‍ കണ്ട് കെട്ടുന്ന നിയമം നടപ്പാക്കി തുടങ്ങിയത്.
വിദേശികളുടെയും സ്വദേശികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനാണ് ഗതാഗത നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതെന്ന് ഗതാഗത കാര്യങ്ങള്‍ക്കായുള്ള അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ അല്‍ ഷുവെയ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
എന്നാല്‍, പ്രായമായവര്‍, സ്ത്രീകള്‍, ചില പ്രത്യേക ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ തുടങ്ങിയവര്‍ക്ക് മാനുഷിക പരിഗണനവച്ച് ശിക്ഷയില്‍ ഇളവ് നല്‍കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുന്നവര്‍ക്കെതിരേയും കര്‍ശന നടപടികള്‍ സ്വീകരിക്കും. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം നടപ്പാക്കിയത് ചൊവ്വാഴ്ച മുതലായിരുന്നു. പിഴ കൂടാതെ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ എടുത്ത് കൊണ്ട് പോകുന്ന ചെലവ്, പ്രതിദിനം രണ്ട് വച്ച് പിഴയുമാണ് തീരുമാനിച്ചിരിക്കുന്നത്.
അതിന്റെ തലേദിവസം 375 റോഡ് അപകടങ്ങള്‍ നടന്നപ്പോള്‍ നിയമം കര്‍ശനമാക്കിയ ദിവസം അപകടങ്ങള്‍ 264 ആയി കുറഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി. നോ പാര്‍ക്കിംഗ് മേഖലയില്‍നിന്ന് പ്രതിദിനം 4000 നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് 150 ആയി കുറഞ്ഞു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷേഖ് ഖാലിദ് അല്‍ ജാറഹ് അല്‍ സാബായുമായും മറ്റ് പാര്‍ലമെന്റ് അംഗങ്ങളുമായി സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം, ഗൗരവമായ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിക്കുമെന്നും അല്‍ ഷുവൈ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam