
ആലപ്പുഴ: വർഷങ്ങളായി തരിശ്ശുകിടന്ന മാവേലിക്കര വെട്ടിയാർ തേവേരി പുഞ്ചയിൽ കഴിഞ്ഞ വർഷമാണ് ഒരു കൂട്ടം കർഷകർ നെല്ല് കൃഷി ആരംഭിച്ചത്. തുടക്കത്തിൽ തന്നെ നല്ല വിളവ് ലഭിച്ചതിനാൽ കൃഷി ഈ വർഷവും വിപുലമായി നടത്താൻ കർഷക കൂട്ടായ്മ തീരുമാനിച്ചിരുന്നു. എന്നാൽ ഈ വർഷം കൃഷി ഇറക്കി 140 ദിവസങ്ങൾ പിന്നിട്ടപ്പോഴും ഒരുതുള്ളി വെള്ളം പാടത്ത് ലഭിക്കാത്തതിനാൽ ആശങ്കയിലായിരിക്കുകയാണ് കർഷകർ.
എട്ട് പേരടങ്ങുന്ന സംഘമാണ് വെട്ടിയാർ തേവേരി പുഞ്ചയിൽ രണ്ട് വർഷമായി കൃഷിയിറക്കുന്നത്. 35 ഏക്കർ വരുന്ന പാടശേഖരം രണ്ട് ദശാബ്ദക്കാലത്തോളം തരിശ്ശുകിടക്കുകയായിരുന്നു. പാടം പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചപ്പോൾ തുടക്കം ലാഭകരമാകുമെന്ന് ഇവർ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ നെല്ല് വിളവടുത്തപ്പോൾ കർഷകരുടെ മനം നിറഞ്ഞു. 475 ക്വിന്‍റല്‍ നെല്ലാണ് പാടത്ത് നിന്നു വിളവെടുത്തത്. നൂറ് മേനി വിളവ് ലഭിച്ച ആവേശത്തിലാണ് ഈ വർഷം വീണ്ടും അവർ കൃഷി ഇറക്കിയത്. എന്നാൽ മഴ ചതിച്ചതോടെ നെൽച്ചെടികൾ കരിഞ്ഞുണങ്ങിയ അവസ്ഥയിലായിരിക്കുകയാണ്.
ഒരു ദിവസം പോലും പാടശേഖരത്തിൽ വെള്ളം കയറ്റാൻ കഴിഞ്ഞിട്ടില്ലെന്ന് കർഷകർ പറയുന്നു. കളനാശിനി അടിച്ചതിനുശേഷം വെള്ളം കയറ്റാൻ കഴിയാത്തതിനാൽ പകുതിയിലേറെ ഭാഗത്തെ നെല്ല് കളകയറി മൂടിയിരിക്കുകയാണ്. പാടത്ത് വെള്ളം എത്തിക്കേണ്ട പി.ഐ.പി കനാൽ പാടത്തിന് സമീപം ഇരുപത് മീറ്ററോളം ഭാഗത്ത് പൊട്ടിക്കിടക്കുന്നതിനാൽ വെള്ളം തുറന്ന് വിട്ടാലും ഭൂമിയിൽ താഴ്ന്നു പോകുന്നതിനാൽ പാടത്ത് എത്താത്ത അവസ്ഥയാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് മഴ ലഭിച്ചിരുന്നതിനാൽ ഇത്തരം ദുരിതങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഈ വർഷം സമീപ പ്രദേശങ്ങളിൽ മഴ പെയ്തപ്പോൾ പോലും പാടശേഖരം ഉൾപ്പെടുന്ന പ്രദേശത്ത് മഴ എത്തിയില്ല.
വരൾച്ച ഏറ്റവും അധികം ബാധിച്ച പാടശേഖരമാണ് തേവേരി പുഞ്ച. എന്നിട്ടും വരൾച്ച ബാധിത മേഖലയായി സർക്കാർ കണക്കാക്കിയ പ്രദേശങ്ങളുടെ ലിസ്റ്റിൽ ഈ പാടശേഖരം ഉൾപ്പെട്ടിട്ടില്ല. ഇത്തവണ 175 ക്വിന്റൽ നെല്ല് പോലും കിട്ടുമെന്ന് പ്രതീക്ഷ കർഷകർക്കില്ല. കൃഷി ഉപജീവനമാക്കിയ കർഷക കൂട്ടായ്മയ്ക്ക് അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവർക്ക് ഇപ്പോൾ രണ്ട് ആവശ്യങ്ങളാണ് ഉള്ളത്. ഒന്ന് വരൾച്ച ബാധിത പാടശേഖരത്തിന്റെ ലിസ്റ്റിൽ ഉൾപ്പെടുത്തണം. രണ്ട് അടുത്ത വർഷം കൃഷി ഇറക്കാന്നതിനായി പൊട്ടിപ്പോളിഞ്ഞുകിടക്കുന്ന പി.ഐ.പി കനാൽ വൃത്തിയാക്കണം. ഈ ആവശ്യവുമായി കർഷകർ പി.ഐ.പി അധികൃതരേയും പഞ്ചായത്ത്, ബ്ലോക്ക് അംഗങ്ങളേയും കൃഷി ഓഫീസറേയും സമീപിച്ചിരുന്നു. എന്നാൽ അനുകൂലമായ മറുപടി ലഭിക്കാത്തതിനാൽ നിവേദനം തയ്യാറാക്കി ഇപ്പോൾ കൃഷി വകുപ്പ് മന്ത്രിക്ക് സമർപ്പിച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam