വേമ്പനാട് കായൽ കയ്യേറി കഞ്ചാവ് മാഫിയ: അന്തം വിട്ട് പൊലീസ്

Published : Nov 02, 2017, 12:27 PM ISTUpdated : Oct 05, 2018, 12:40 AM IST
വേമ്പനാട് കായൽ കയ്യേറി കഞ്ചാവ് മാഫിയ: അന്തം വിട്ട് പൊലീസ്

Synopsis

ആലപ്പുഴ: വിനോദസഞ്ചാരികൾ, വിദ്യാർത്ഥികൾ എന്നിവരെ ലക്ഷ്യമിട്ട് ആലപ്പുഴയിലേക്കൊഴുകിയെത്തുന്ന ലഹരിക്ക് തടയിടാൻ  പൊലീസും എക്സൈസും അരയും തലയും മുറുക്കി ഇറങ്ങിയതോടെ 'കഞ്ചാവ് മാഫിയ" പുതുവഴികളുമായി രംഗത്തെത്തി. സാധാരണ റോഡ്, റെയിൽ മാർഗ്ഗമാണ് ജില്ലയിലേക്ക് കഞ്ചാവ് എത്തിക്കുന്നത്. ഇത് മനസിലാക്കിയ പൊലീസ്, എക്സൈസ് സംഘം പരിശോധന കർശനമാക്കി. ഇതോടെ ലഹരി മാഫിയ കര വിട്ട് കായലിലേക്ക് ചേക്കേറി. ഇപ്പോൾ കായൽമാ‌ർഗ്ഗമാണ് ജില്ലയിലെ കഞ്ചാവ്,  മയക്കുമരുന്ന് വിതരണവും ഉപയോഗവും നടക്കുന്നതെന്നാണ് റിപ്പോർട്ട്. 

ബുധനാഴ്ച മൂന്നാറിൽ നിന്നും പച്ചക്കറി വണ്ടിയിൽ ആലപ്പുഴ നഗരത്തിലേക്ക് കടത്തിയ കിലോ കണക്കിന് കഞ്ചാവ് എക്സൈസ് പിടികൂടിയിരുന്നു.  മൂന്നാറിൽ നിന്നുള്ള പച്ചക്കറിയാണെന്ന വ്യാജേന, കാരറ്റിന്‍റെയും തക്കാളിയും ഇടയ്ക്ക് ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കൊണ്ടുവന്നിരുന്നത്. സംഭവത്തിൽ ആലപ്പുഴ നഗര പ്രദേശം കേന്ദ്രീകരിച്ച് ജീപ്പിൽ കഞ്ചാവ് വിതരണം നടത്തുന്ന മുഖ്യ കണ്ണികളായ ആലപ്പുഴ ആര്യാട് തെക്ക് അൻസാരി (60), ആലപ്പുഴ പടിഞ്ഞാറു വില്ലേജ് കന്നിട്ടയിൽ മുഹമ്മദ്‌ ഷാ (44) എന്നിവരെ അറസ്റ്റ് ചെയ്തു.  ഇത്തരം ഓപ്പറേഷനുകൾ സജീവമായതോടെയാണ് ലഹരിമാഫിയ കൂടുമാറിയത്. 

കൊച്ചിയിൽ നിന്നും ജില്ലയുടെ വടക്കൻ മേഖലകളിലെ കായലോര പ്രദേശങ്ങൾ വഴിയാണ് ലഹരിയൊഴുകുന്നത്. ചെമ്പ്, വൈക്കം,പനങ്ങാട്,പെരുമ്പളം എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച്  മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന ചെറുവളളങ്ങളിലാണ് കായൽ മാർഗ്ഗം കഞ്ചാവും മയക്കുമരുന്നും എത്തിക്കുന്നത്. എക്‌സൈസ്, പൊലീസ് അധികൃതർ ഇവരെ പിടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ കണ്ണ് വെട്ടിച്ചാണ് വില്പന പൊടിപൊടിക്കുന്നത്. പ്രധാന റോഡുകൾ പൊലീസ് എക്‌സൈസ് നിരീക്ഷണത്തിലായതോടെ  ഇടറോഡുകളും കായലോര മേഖലകളിലുമാണ് മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘം തമ്പടിക്കുന്നത്. 

മയക്കുമരുന്ന് സാധനങ്ങൾ വാങ്ങുവാനും ഉപയോഗിക്കുവാനുമായി വിദ്യാർത്ഥികളടക്കം ധാരാളം പേരാണ് വേമ്പനാട്ട് കായൽ തീരങ്ങളിൽ എത്തുന്നത്. രാത്രിയിൽ, ലഹരി ആവശ്യക്കാർ നേരത്തെ തന്നെ കായൽ തീരങ്ങളിലെ കല്ല് കെട്ടുകളിൽ നിലയുറപ്പിക്കും. ഈ മേഖലകളിൽ മയക്കുമരുന്ന് ആവശ്യക്കാർക്ക് കൈമാറുന്നതിനായി മാഫിയകൾ കമ്മീഷൻ വ്യവസ്ഥയിൽ ഏജന്റുമാരെയും നിയോഗിച്ചിട്ടുണ്ട്. ജില്ലയിലെ വടക്കൻ മേഖലയിൽ ഈയിടെ മയക്കുമരുന്ന് വ്യാപാരം വ്യാപകമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരാണ് പൊലീസ് പിടിയിലായത്. 

ലഹരിക്കെതിരെ ബോധവത്കരണത്തിനായി ജില്ലയിലെ വിവിധ സ്‌കൂളുകളിലും കോളജുകളിലുമായി 212 ലഹരിവിരുദ്ധ ക്ളബ്ബുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം വർദ്ധിക്കുകയാണെന്നാണ് റിപ്പോർട്ട്. മയക്കുമരുന്നു കൂടാതെ വിദ്യാലയങ്ങളിൽ നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിച്ചു കൊടുക്കുന്ന ലോബിയും സജീവമാണ്. ഏതാനും മാസങ്ങൾക്കിടെ ജില്ലയിൽ കഞ്ചാവു കേസുകളിൽപ്പെട്ട് പിടിയിലായവരിൽ ഏറെയും കൗമാരക്കാരാണ്. പണവും കഞ്ചാവും നൽകി വിദ്യാർത്ഥികളെ ആകർഷിച്ചശേഷം അവരിലൂടെ വിൽപ്പന നടത്തുകയാണ് പതിവ്. സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി വ്യാപാരത്തിലെ വിൽപ്പനക്കാരും, മൊത്ത വിതരണക്കാർ പോലും വിദ്യാർത്ഥികളാണെന്നുള്ള ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിലെ ടെക്കികൾ ജാഗ്രതൈ! പണി കളയിക്കാൻ 'പോഡ'; ഐടി കമ്പനികളുമായി കൈകോർത്ത് കേരള പൊലീസിൻ്റെ നീക്കം; ലഹരി വ്യാപനം തടയുക ലക്ഷ്യം
ക്രിസ്മസിന് ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചു; വാക്കുതർക്കവും കയ്യാങ്കളിയും, യുവാവിൻ്റെ കൊലപാതകത്തിൽ സുഹൃത്ത് അറസ്റ്റിൽ