
ആലപ്പുഴ: ആലപ്പുഴയിൽ ഗ്യാസ് സിലിണ്ടർ അപകടങ്ങൾ വർദ്ധിക്കുന്നു. സിലിണ്ടറുകളുടെ കാലപ്പഴക്കമാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. ഗുണഭോക്താക്കൾക്ക് ലഭിക്കുന്നത് കാലപ്പഴക്കത്താൽ തുരുമ്പിച്ച സിലിണ്ടറുകളാണ്. പുറമെ പെയിന്‍റടിച്ച് പുതുക്കുന്നതിതിനാൽ പഴക്കം പുറമേ വ്യക്തമാവുകയുമില്ല.
കഴിഞ്ഞദിവസത്തേതുൾപ്പെടെ ആലപ്പുഴ നഗരത്തിൽ മാത്രം അടുത്തിടെ രണ്ട് ദുരന്തങ്ങളാണ് തലനാരിഴയ്ക്ക് വഴിമാറിയത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ ആലപ്പുഴ പൊള്ളേത്തൈ കോർത്തുശേരി ക്ഷേത്രത്തിനു സമീപം വർഗീസ് ഡൊമിനിക്കിന്‍റെ വീട്ടിലാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. പുതുതായി കൊണ്ടുവന്ന സിലിണ്ടർ കണക്ട് ചെയ്ത് ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ റഗുലേറ്ററിനടിയിൽ തീ കത്തുകയായിരുന്നു. ഭയന്നുപോയ വീട്ടുകാർ വീടിനു പുറത്തിറങ്ങി കുറച്ചുനേരം കഴിഞ്ഞപ്പോഴേക്കും സിലിണ്ടർ പൊട്ടിത്തെറിച്ചു. കോൺക്രീറ്റ് സ്ളാബുകളിലൊന്ന് പൊട്ടി സിലിണ്ടറിനു മുകളിൽ വീണു. വീട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പാഞ്ഞെത്തിയ ഫയർഫോഴ്സ് അടുക്കളയിലുണ്ടായിരുന്ന രണ്ടാമത്തെ സിലിണ്ടർ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.
14 കിലോ സിലിണ്ടർ തീപിടിച്ച് പൊട്ടിത്തെറിച്ചാൽ നൂറിലധികം ആളുകൾ ഒറ്റയടിക്ക് വെന്തുമരിക്കാനിടയുണ്ട്. ശക്തമായ സമ്മർദ്ദത്തിൽ നിറച്ചു വച്ചിരിക്കുന്ന സിലിണ്ടർ പൊട്ടിയാൽ ഒരു ലിറ്റർ പുറത്തേക്കു വരുന്നത് 250 ലിറ്ററിന്‍റെ ശക്തിയിലാണ്. ഇത് വായുവിൽ ചേരുമ്പോൾ 4500 ലിറ്ററായി തീവ്രത വർദ്ധിക്കുന്നതാണ് അപകടതീവ്രത വർദ്ധിപ്പിക്കുന്നത്. ഗ്യാസ് സിലിണ്ടറുകളുടെ കാലപ്പഴക്കം മൂലമുള്ള അപകടങ്ങൾ വർദ്ധിച്ചിട്ടും അധികൃതർ യാതൊരുവിധ പരിശോധനയ്ക്കും തയ്യാറാവുന്നില്ലെന്ന പരാതിയേറുന്നു. ഏജൻസികൾ നേരിട്ട് വീട്ടിലെത്തിക്കുന്നിനാൽ സിലിണ്ടറുകൾ വിശദമായ പരിശോധനകൾക്ക് വിധേയമാക്കാറില്ല. കമ്പനി അധികൃതർ തന്നെയാണ് ഹൈഡ്രോളിക് പ്രഷർ ടെസ്റ്റ് നടത്താറുള്ളത്. ഇത് എത്രമാത്രം നടക്കുന്നുണ്ടെന്നതു സംബന്ധിച്ചും പരിശോധനകളില്ല. ഉൾപ്രദേശങ്ങളിലെ വീടുകളിൽ വാതക ചോർച്ച ഉണ്ടായാൽ ഫയർഫോഴ്സിന് എത്തിച്ചേരാനുള്ള അസൗകര്യം ദുരന്തഭീതി വർദ്ധിപ്പിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam