രാഹുൽ ഗാന്ധിവേദിയിലെത്തിയ ശേഷം മറ്റ് നേതാക്കൾക്ക് പ്രസംഗിക്കാൻ അവസരം നൽകി. പൂർണ്ണമായും പാർട്ടിക്ക് വിധേയനായിരിക്കുമെന്ന ഉറപ്പ് നേതാക്കൾക്ക് തരൂർ നൽകിയിരുന്നു.

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എംപി കടുത്ത അതൃപ്‌തിയിൽ. വരാനിരിക്കുന്ന കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും. ജനുവരി 19-ന് കൊച്ചിയിൽ നടന്ന കെ.പി.സി.സി മഹാപഞ്ചായത്ത് പരിപാടിയിലെ സംഭവ വികാസങ്ങളിൽ തരൂർ അതൃപ്തനാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. താൻ അപമാനിതനായെന്ന വികാരം തരൂർ നേതാക്കളെ അറിയിച്ചു. പരിപാടിയെ കുറിച്ച് കൃത്യമായ വിവരം പാർട്ടി നേതാക്കൾ നൽകിയിരുന്നില്ല. സമയപരിമിതിയുണ്ടെന്നറിയിച്ച് തന്റെ പ്രസംഗം നേരത്തെയാക്കി. രാഹുൽ ഗാന്ധി വേദിയിലെത്തിയ ശേഷം മറ്റ് നേതാക്കൾക്ക് പ്രസംഗിക്കാൻ അവസരം നൽകിയെന്നും തന്നെ തഴഞ്ഞുവെന്നുമാണ് തരൂർ പറയുന്നത്.

പാർട്ടിക്കെതിരെ പരസ്യ വിമർശനങ്ങളുന്നയിക്കുന്നതിൽ നിന്നും പിൻമാറുമെന്നും പൂർണ്ണമായും പാർട്ടിക്ക് വിധേയനായിരിക്കുമെന്ന ഉറപ്പ് നേതാക്കൾക്ക് തരൂർ നൽകിയിരുന്നു. തെരഞ്ഞെടുപ്പിലടക്കം യാതൊരവകാശവാദവും ഉന്നയിക്കില്ലെന്നും തരൂർ വ്യക്തമാക്കിയിരുന്നതായാണ് വിവരം. നിലവിലെ അതൃപ്തി സാഹചര്യത്തിൽ എന്താകും തരൂർ സ്വീകരിക്കുന്ന നിലപാടെന്നതിൽ വ്യക്തതയില്ല.