സമരം ചെയ്ത പിജി ഡോക്ടര്‍മാര്‍ക്കെതിരെ പ്രതികാര നടപടിയുമായി ആലപ്പുഴ മെഡിക്കല്‍കോളേജ്

By Web DeskFirst Published Jan 22, 2018, 4:03 PM IST
Highlights

ആലപ്പുഴ: സ്റ്റൈപ്പന്‍റ് ലഭിക്കാത്തതിനെതിരെ പിച്ഛ തെണ്ടി പ്രതിഷേധിക്കുകയും ഫേസ്ബുക്ക് ലൈവിലൂടെ ജീവനക്കാരുടെ അനാസ്ഥ ലോകത്തോട്
വിളിച്ച് പറയുകയും ചെയ്ത പിജി ഡോക്ടര്‍മാര്‍ക്കെതിരെ പ്രതികാരനടപടിയുമായി ആലപ്പുഴ മെഡിക്കല്‍ കോളേജ് അധികൃതര്‍.
സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ നീക്കം ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പുഷ്പലത അന്വേഷണ കമ്മറ്റിയെ നിയോഗിച്ചു.

സമരത്തിന് മുന്നില്‍ നിന്ന പിജി ഡോക്ടര്‍മാരായ സിയാദ്, ബാലു, ഏലിയാസ് ലിബാദ്, അര്‍ബിദ് കല്യാത്ത്, രോഹിത്ത് രാം
കുമാര്‍, സജാദ്, സ്നേഹാല്‍ അശോക് എന്നിവരോട് അന്വേഷണകമ്മീഷന് മുമ്പാകെ ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിട്ടുണ്ട്.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

മെഡിക്കല്‍ കോളജിലെ പിജി ഡോക്ടര്‍മാര്‍ക്കും സീനിയര്‍ റെസിഡന്‍റുമാര്‍ക്കും ഡിസംബര്‍ മാസത്തെ സ്റ്റൈപ്പന്‍റ് ജനുവരി 20
ആയിട്ടും ലഭിച്ചിരുന്നില്ല. ഇതോടെയാണ് വിദ്യാര്‍ഥികള്‍ പിച്ചതെണ്ടി പ്രതിഷേധിച്ചത്. സമരം ഫേസ്ബുക്കില്‍ ലൈവ് ചെയ്ത
വിദ്യാര്‍ഥികള്‍ 11 മണിയായിട്ടും മെഡിക്കല്‍ കോളജിലെ അക്കൗണ്ട്സ് വിഭാഗത്തില്‍ ആരുമെത്തിയില്ലെന്നും ആരോപിച്ചിരുന്നു.

11 മണിയായിട്ടും ഓഫീസിലെത്താത്ത ഉദ്യോഗസ്ഥര്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കുമ്പോള്‍ 18 മണിക്കൂറോളം  സമയം നോക്കാതെ
ജോലി ചെയ്യുന്ന പിജി ഡോക്ടര്‍മാരോട് അവഗണന കാണിക്കുകയാണെന്നും അവര്‍ പറയുന്നു. മെഡിക്കല്‍ കോളജിലെ ഫണ്ട്
തീര്‍ന്നതാണ് സ്റ്റൈപ്പന്‍റ് നല്‍കാന്‍ വൈകുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. മറ്റ് മെഡിക്കല്‍ കോളജുകളില്‍ പിജി
ഡോക്ടര്‍മര്‍ക്ക് കൃത്യമായി സ്റ്റൈപ്പന്‍റ് ലഭിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

എന്നാല്‍ ഫണ്ട് തീരുന്ന കാര്യം നേരത്തെ അറിഞ്ഞിട്ടും യാതൊരു നടപടിയെടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ്
ഡോക്ടര്‍മാര്‍ പറയുന്നത്. അക്കൗണ്ട്സ് വിഭാഗത്തിലടക്കമുള്ള ഉദ്യോഗസ്ഥരുടെ അനാസ്ഥ ലൈവായി തന്നെ വിദ്യാര്‍ഥികള്‍
ചൂണ്ടിക്കാണിക്കുന്നുണ്ട്. ഓഫീസ് സ്റ്റാഫുകള്‍ നല്‍കിയ പരാതിയിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ അധികൃതര്‍ നടപടിക്കൊരുങ്ങുന്നത്.


 

click me!