മൈസൂർ വ്യാജ ലൈസൻസ് തട്ടിപ്പ് കേസിൽ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. സംസ്ഥാനത്ത് വൻ ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പ് നടക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

തിരുവനന്തപുരം: മൈസൂർ വ്യാജ ലൈസൻസ് തട്ടിപ്പ് കേസിൽ തിരൂരങ്ങാടിയിലെ ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എംവിഐ ജോർജിനും ക്ലർക്ക് നജീബിനുമാണ് സസ്പെൻഷൻ. ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിനും ശുപാർശ ചെയ്തു. സംസ്ഥാനത്ത് വൻ ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പ് നടക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഡ്രൈവിംഗ് ടെസ്റ്റ് നടത്താതെ ഏജൻറുമാർ മുഖേന മൈസൂരിൽ നിന്നും ലൈസൻസ് തരപ്പെടുത്തുന്ന സംഘം വടക്കൻ കേരളത്തിൽ സജീവമാണെന്നാണ് റിപ്പോർട്ട്.

മൈസൂരിൽ നിന്നും സംഘടിപ്പിക്കുന്ന ലൈസൻസിൽ മേൽവിലാസവും ഒപ്പും ഫോട്ടോയും മാറ്റി കേരളത്തിലെ ലൈസൻസ് ആക്കി മാറ്റാൻ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്നാണ് വിവരം. തട്ടിപ്പിൽ മോട്ടോർ വാഹന വകുപ്പിൻെറ വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങിയതായി ഗതാഗതകമ്മീഷണർ അറിയിച്ചു.

ഡ്രൈവർ ടെസ്റ്റ് മാനദണ്ഡങ്ങള്‍ കർശനമാക്കിയതോടെ നിലവിൽ തമിഴ്നാട്ടിലേക്കും കർണാകടയിലേക്കും ഏജൻറുമ‍ാർ മുഖേന ലൈസൻസ് തരപ്പെടുത്തുന്നവരുടെ ഒഴുക്കാണിപ്പോൾ. എന്നാൽ ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാതെ, കർണാടകയിൽ പോകാതെ ലൈസൻസ് തരപ്പെടുത്തുന്ന മാഫിയ സംസ്ഥാനത്ത് സജിവമാവുകയാണ്. 

മലപ്പുറം സ്വദേശി മുഹമ്മദ് ബഷീറെന്നയാള്‍ക്ക് മൈസൂരു വെസ്റ്റ് ആർടിഒ നൽകിയ ഡ്രൈവിംഗ് ലൈസൻസിലെ ക്രമക്കേട് ഇതിന് ഉദാഹരണമാണ്. കഴിഞ്ഞ വർഷം ഡിസംബർ 20നാണ് മൈസൂരിലുള്ള വിലാസത്തിൽ ലൈസൻസ് കിട്ടിയത്. 1970ൽ ജനിച്ചുവെന്ന രേഖകളിലുള്ള മുഹമ്മദ് ബഷീറിൻ്റെ ഡൈവിംഗ് ലൈസൻസിലുള്ളത് ഒരു യുവാവിൻെറ ചിത്രം മാത്രമാണ്. ഇതേ മുഹമ്മദ് ബഷീർ വിലാസവും ഒപ്പും മാറ്റാനായി തിരൂരങ്ങാടി സബ് ആർടിഒ ഓഫീസിൽ ദിവസങ്ങള്‍ക്കകം അപേക്ഷ നൽകുന്നു. ഡിസംബർ 28ന് തിരൂരങ്ങാടിയിൽ നിന്നും മലപ്പുറത്തെ വിലാസത്തിൽ പുതിയ ചിത്രവും ഒപ്പമുള്ള പുതിയ ഡ്രൈവിംഗ് ലൈസൻസ് നൽകുന്നു. ഇതേ മുഹമ്മദ് ബഷീർ ലൈസൻസിനായി സമർപ്പിച്ച ആധാറുകളാണിത്. രണ്ട് പേരുടെ ചിത്രങ്ങൾ പതിച്ച മൈസൂരിലും മലപ്പുറത്തും വിലാസമുള്ള ആധാറുകള്‍ കണ്ടെത്തി. സമാനമായ നിരവധി തട്ടിപ്പുകളാണ് സംസ്ഥാനത്ത് നടക്കുന്നത്. മൈസൂർ വിലാസത്തിൽ മറ്റൊരു ചിത്രം വച്ച് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നു. തിരൂരങ്ങാടിയിൽ വിലാസം മാറ്റാനുള്ള അപേക്ഷയുടെ മറവിൽ ഫോട്ടോയും വിലാസവും ഒപ്പും എല്ലാം മാറ്റി കേരളത്തിലെ വിലാസത്തിൽ പുതിയ ലൈസൻസ് നൽകും.

കേരളത്തിലും മൈസൂരിലുമുള്ള ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേർന്നുള്ള വൻ തട്ടിപ്പാണിതെന്നാണ് കണ്ടെത്തൽ. ഡ്രൈവിംഗ് ടെസ്റ്റിന് പങ്കെടുക്കാത്ത ഒരാളുടെ പേരിൽ എങ്ങനെ മൈസൂരിൽ ലൈസൻസ് നൽകും. രണ്ട് ചിത്രങ്ങള്‍ കണ്‍മുന്നിലുള്ളപ്പോള്‍ തിരൂരങ്ങാടിയിലെ എംവിഡി ഉദ്യോഗസ്ഥർ എങ്ങനെ പുതിയ ലൈസൻസ് നൽകും. ഇതാണ് ഉയർന്ന പ്രധാന ചോദ്യങ്ങൾ. തട്ടിപ്പുകള്‍ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര വിജിലൻസ് അന്വേഷണം തുടങ്ങിയെന്നും ഗതാഗത കമ്മീഷണർ വിഎച്ച് നാഗരാജു പറഞ്ഞു.

ജൂണ്‍, ജൂലൈ മാസങ്ങളിലെ രേഖകള്‍ പരിശോധിച്ചാൽ അസ്വാഭാവികമായ രീതിയിൽ വ്യാപകമായി വിലാസം മാറ്റാനുള്ള അപേക്ഷയിൽ തീർപ്പ് കൽപ്പിച്ചിട്ടുണ്ട്, അതും ദിവസങ്ങള്‍ക്കകം. അപകടങ്ങള്‍ കുറയ്ക്കാൻ കർശനമാക്കിയ കേരളത്തിലെ ഡ്രൈവിംഗ് പരീക്ഷയെ ചാകരയാക്കി മാറ്റിയിരിക്കുന്നു ഉദ്യോഗസ്ഥരും ഏജൻറുമാരും. പൂപോലെ കിട്ടുന്ന ഇത്തരം തട്ടിപ്പ് ലൈസൻസുകളുമായി റോഡിലിറങ്ങുന്നവർ ഉണ്ടാക്കുന്ന അപകടങ്ങൾക്കെല്ലാം ആര് ഉത്തരം പറയുമെന്ന ചോദ്യങ്ങൾ ബാക്കിയാണ്. 

YouTube video player