
ബംഗലൂരു: ബിജെപിക്കും കോണ്‍ഗ്രസിനും ജെഡിഎസിനും ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത തൂക്കുസഭ വരുമെന്ന് ഉറപ്പായതോടെ കര്‍ണാടകയില്‍ എല്ലാ കണ്ണുകളും ഇനി പ്രധാനമന്ത്രിയുടെ വിശ്വസ്തനായ ഗവര്‍ണര്‍ വാജുഭായ് വാലയിലേക്ക്. കീഴ്‌വഴക്കം പിന്തുടരാനാണ് ഗവര്‍ണര്‍ തീരുമാനിക്കുന്നതെങ്കില്‍ സ്വാഭാവികമായും അദ്ദേഹം നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആദ്യം ക്ഷണിക്കേണ്ടത്. എന്നാല്‍ സമീപകാലത്ത് ഗോവയിലും മണിപ്പൂരിലും ഈ കീഴ്‌വഴക്കമനുസരിച്ചല്ല ഗവര്‍ണര്‍മാര്‍ മന്ത്രിസഭ രൂപീകരിക്കാനായി കക്ഷികളെ ക്ഷണിച്ചത്. അവിടെ രണ്ടിടത്തും കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി എന്നതും ഓര്‍ക്കാം.
അതുകൊണ്ടുതന്നെ കര്‍ണാടകയില്‍ ഗവര്‍ണര്‍ എന്തുനിലപാട് എടുത്താലും അതിനെതിരെ വലിയ വിമര്‍ശനമുയരാം. 2002ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ടപ്പോള്‍ നരേന്ദ്ര മോദിക്ക് നിയമസഭയിലേക്ക് മത്സരിക്കാനായി തന്റെ സീറ്റ് ഒഴിഞ്ഞുകൊടുത്ത വിശ്വസ്തനാണ് വാജുഭായ് വാല. പിന്നീട് അദ്ദേഹം ഗുജറാത്തിലെ മോദി മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയുമായി.
1984 മുതല്‍ 2002വരെ ഗുജറാത്തിലെ രാജ്കോട്ട് മണ്ഡലത്തെ പ്രതിനിധീകരിച്ചത് വാജുഭായ് വാലയായിരുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ മോദി മണിനഗറിലേക്ക് മാറിയപ്പോള്‍ രാജ്കോട്ട് മണ്ഡലത്തിലെ കോട്ട കാക്കുന്ന ചുമതല വീണ്ടും വാജുഭായ് വാലയുടെ ചുമലിലായി. അത് അദ്ദേഹം ഭംഗിയായി നിറവേറ്റി. 2002, 2007, 2012 നിയമസഭാ തെരഞ്ഞെടുപ്പുകളിലും അദ്ദേഹം രാജ്കോട്ടില്‍ വിജയക്കൊടി പാറിച്ചു. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ മോദിയുടെ പിന്‍ഗാമിയായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യം ഉയര്‍ന്ന പേര് വാജുഭായിയുടേതായിരുന്നു. എന്നാല്‍ ഹര്‍ദ്ദീക് പട്ടേല്‍, അല്‍പേഷ് താക്കൂര്‍, ജിഗ്നേഷ് മേവാനി തുടങ്ങിയ പിന്നാക്ക വിഭാഗനേതാക്കളുടെ വരവോടെ പിന്നാക്ക വിഭാഗക്കാരനായ ഒരാളെ മുഖ്യമന്ത്രിയാക്കണമെന്ന പാര്‍ട്ടിയിലെ ആവശ്യമാണ് അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമാക്കിയത്.
എങ്കിലും എക്കാലത്തെയും തന്റെ വിശ്വസ്തനായ വാജുഭായിക്ക് ഉചിതമായ പദവി നല്‍കാന്‍ നരേന്ദ്ര മോദി തയാറായി. അദ്ദേഹത്തെ കര്‍ണാടക ഗവര്‍ണറാക്കി. പിന്നീട് വാജുഭായ് വാല ഒഴിഞ്ഞ സീറ്റില്‍ മത്സരിച്ചത് മോദിക്ക് ശേഷം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയായിരുന്നു. 2017ലെ തെരഞ്ഞെടുപ്പിലും വിജയ് രൂപാണി സീറ്റ് നിലനിര്‍ത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam