പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കില്ല; കശ്മീര്‍ പ്രശ്നത്തില്‍ പരിഹാരമാവാതെ സര്‍വകക്ഷി സംഘം മടങ്ങി

By Web DeskFirst Published Sep 5, 2016, 3:52 PM IST
Highlights

ശ്രീനഗറിലും പിന്നീട് ജമ്മുവിലും ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് രാജ്നാഥ് സിങിന്റെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘം ദില്ലിക്കു തിരിച്ചത്. പെല്ലറ്റ് തോക്കുകള്‍ ഒഴിവാക്കി പകരം മുളക് തോക്കുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ‘പാവ’ ഉപയോഗിക്കും. ജമ്മുകശ്‍മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരും എന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് രാജ്നാഥി വ്യക്തമാക്കി. വിഘടനവാദികള്‍ ഉള്‍പ്പടെ ആരുമായും ചര്‍ച്ചയ്‌ക്ക് സര്‍ക്കാര്‍ വാതില്‍ മലക്കെ തുറന്നിട്ടിരിക്കുകയാണ്. സര്‍വ്വകക്ഷി സംഘത്തിന്റെ ദൗത്യം പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഹുറിയത്തിനാണെന്ന് രാജ്നാഥ് സൂചിപ്പിച്ചു. സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ള നേതാക്കള്‍ വിഘടനവാദികളെ ചെന്നു കണ്ടത് വ്യക്തിപരമാണെ്. സര്‍ക്കാര്‍ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്തില്ല. എന്നാല്‍ ഹുറിയത്ത് നേതാക്കള്‍ തിരിച്ച് പെരുമാറിയത് മനുഷ്യത്വ രഹിതമായിട്ടാണെന്ന് രാജ്നാഥ് കുറ്റപ്പെടുത്തി.

അതേസമയം സര്‍ക്കാര്‍ വേണ്ടെന്ന് പറയുന്നിടത്തോളം കാലം വ്യക്തിപരമായ നീക്കം തുടരും എന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം പ്രശ്നപരിഹാരത്തിന് കാര്യമായൊന്നും ചെയ്യാനാവാതെയാണ് സംഘം മടങ്ങിയത്. വിഘടനവാദികള്‍ അനുകൂലമായി പ്രതികരിച്ചാല്‍ ചര്‍ച്ചയ്‌ക്ക് മധ്യസ്ഥരെ നിയോഗിക്കും.പ്രശ്നപരിഹാരത്തിന് സര്‍വകക്ഷി സംഘത്തിന്റെ സന്ദര്‍ശനവും പരാജയപ്പെട്ടത് താഴ്വരയില്‍ നിരാശ പടര്‍ത്തിയിട്ടുണ്ട്.

click me!