'മീനുകളിലെ മായം കണ്ടെത്താനുള്ള കിറ്റ് വിപണിയിലെത്താന്‍ വൈകിയതിന് കാരണം മത്സ്യഫെഡ്'

By Web DeskFirst Published Jun 28, 2018, 11:52 PM IST
Highlights

'മീനുകളിലെ മായം കണ്ടെത്താനുള്ള കിറ്റ് വിപണിയിലെത്താന്‍ വൈകിയത് മത്സ്യഫെഡ്'

കൊച്ചി: മത്സ്യത്തിലെ വിഷാംശം കണ്ടെത്തുന്നതിനുള്ള പരിശോധ കിറ്റ് വിപണിയിലെത്തിക്കാൻ  കാലതാമസം നേരിട്ടതിൽ മത്സ്യഫെഡിന്‍റെ നിസഹകരണമെന്ന് കേന്ദ്രസർക്കാർ സ്ഥാപനമായ സിഐഎഫ്ടി. പരിശോധനാ കിറ്റിന്‍റെ നിർമ്മാണം ഏറ്റെടുക്കാൻ മൂന്ന് തവണ മത്സ്യഫെഡിനെ സമീപിച്ചെങ്കിലും ഇവർ തയ്യാറായില്ലെന്ന്  സെന്‍റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി വ്യക്തമാക്കി.

മീനുകളിലെ മായം ചേർക്കൽ കണ്ടെത്താൻ തടസമാകുന്നത്  പരിശോധനാ കിറ്റിന്‍റെ ലഭ്യത കുറവാണെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പറയുന്നത്. പലയിടത്തും പരാതി ഉയർന്നെങ്കിലും തുടർച്ചയായി പരിശോധന നടത്താൻ സിഐഎഫ്ടി കിറ്റില്ലാത്തതാണ് കാരണം. ഈ സാഹചര്യത്തിലാണ് സെന്‍റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ വിശദീകരണം.

കഴിഞ്ഞ വർഷം ഡിസംബറിൽ തന്നെ അമോണിയ, ഫോർമലിൻ പരിശോധന കിറ്റ് സിഐഎഫ്ടി തയ്യാറാക്കിയിരുന്നു. കിറ്റ് വ്യവസായിക അടിസ്ഥാനത്തിൽ നിർമിച്ച് വിപണയിലെത്തിക്കാൻ സംസ്ഥാന സർക്കാർ സ്ഥാപനമായ മത്സ്യഫെഡിനെയാണ് സിഐഎഫ്ടി സമീപിച്ചത്. മൂന്ന് വട്ടം മത്സ്യഫെഡിനായി സമയം നീട്ടി നൽകി. എന്നിട്ടും മത്സ്യഫെഡ് തയ്യാറായില്ല.

മൂന്നാം വട്ടവും മത്സ്യഫെഡ് പിന്മാറിയതോടെയാണ് പരിശോധന കിറ്റ് നിർമ്മിക്കാൻ  സ്വകാര്യ കമ്പനികളെ സിഐഎഫ്ടി ക്ഷണിച്ചത്. ഇതിൽ നിന്ന് തെരഞ്ഞെടുത്ത കമ്പനിയുമായി അടുത്ത ആഴ്ച ധാരണപത്രം സിഐഎഫ്ടി ഒപ്പുവയ്ക്കും. ഉത്പാദനം വലിയ സാമ്പത്തിക ബാധ്യതയാകുമെന്നതാണ് പിൻമാറാനുള്ള പ്രധാന കാരണമെന്ന് മത്സ്യഫെഡ്.  ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ ആവശ്യപ്രകാരമാണ് മത്സ്യത്തിൽ മായം ചേർക്കുന്നത് കണ്ടെത്താനുള്ള പരിശോധന കിറ്റ് സിഐഎഫ്ടി വികസിപ്പിച്ചത്.

click me!