
മോസ്കോ: ആഫ്രിക്കയുടെ വന്യമായ കരുത്ത്. ഇങ്ങനെയൊരു പ്രയോഗം വെറുതെ ഉരുത്തിരിഞ്ഞു വന്നതല്ല. യൂറോപ്പിന്‍റെയും ലാറ്റിനമേരിക്കയുടെയും അപ്രമാദിത്വമുള്ള ഫുട്ബോളില്‍ അചഞ്ചലമായ പോരാട്ടവീര്യവും വീറും വാശിയുമായി വന്ന് അട്ടിമറികള്‍ നടത്തിയതിന് പിന്നില്‍ വന്യമായ ഈ കരുത്താണ് ആഫ്രിക്കന്‍ ടീമുകളെ സഹായിച്ചത്. ആദ്യം അട്ടിമറികളായിരുന്നെങ്കിലും പിന്നീട് വന്‍ ശക്തികളായി ആഫ്രിക്കന്‍ ടീമുകള്‍ മാറി.
പക്ഷേ, റഷ്യന്‍ മണ്ണില്‍ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോള്‍ ശക്തിയുടെ പ്രതീകമായ ആഫ്രിക്കന്‍ ടീമുകള്‍ ഒന്നൊഴിയാതെ എല്ലാവരും പുറത്തായിരിക്കുന്നു. ഈജിപ്ത്, മൊറോക്കോ, നെെജീരിയ, ടുണീഷ്യ, സെനഗല്‍ എന്നീ ടീമുകളാണ് ഇത്തവണ ആഫ്രിക്കയില്‍ നിന്ന് യോഗ്യത നേടി റഷ്യയിലെത്തിയത്. ഇതില്‍ നെെജീരിയക്കും സെനഗലിനും അവസാന ഗ്രൂപ്പ് മത്സരം വരെ മുന്നേറാനുള്ള അവസരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നിര്‍ണായക മത്സരങ്ങളില്‍ തോല്‍വികള്‍ അവരുടെ മടക്ക ടിക്കറ്റ് ഉറപ്പിച്ചു.
നെെജീരിയയും സെനഗലും ലാറ്റിനമേരിക്കന്‍ ടീമുകളോട് തോറ്റാണ് പുറത്തായതെന്നുള്ളത് മറ്റൊരു കാര്യം. സെനഗലിനും നെെജീരിയക്കും മാത്രമാണ് ഒരു കളിയെങ്കിലും ലോകകപ്പിലെ ജയിക്കാനായത്. കറുത്ത കുതിരകളാകുമെന്ന് പ്രതീക്ഷയുമായി മുഹമ്മദ് സലായുടെ നേതൃത്വത്തിലെത്തിയ ഈജിപ്ത് വരവറിയിക്കാതെ റഷ്യയില്‍ നിന്ന് മടങ്ങി. കളിച്ച മൂന്ന് മത്സരങ്ങളും തോല്‍ക്കാനായിരുന്നു 28 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ലോകകപ്പിലോട്ടുള്ള വരവില്‍ ഫറവോയുടെ നാട്ടുകാരുടെ വിധി.
മികച്ച രീതിയില്‍ കളിച്ചെങ്കിലും ഗോള്‍ സ്കോര്‍ ചെയ്യുന്നതിലെ പോരായ്മയാണ് മൊറോക്കോയുടെ വിധി കുറിച്ചത്. ആദ്യ മത്സരത്തില്‍ അവസാനം വരെ പൊരുതി ഇറാനോട് തോറ്റത് ഒരു നിമിഷത്തെ നിര്‍ഭാഗ്യത്തില്‍ പിറന്ന സെല്‍ഫ് ഗോളില്‍. പോര്‍ച്ചുഗലിനോട് തോറ്റെങ്കിലും വമ്പന്‍ താരനിരയുള്ള സ്പെയിനിനെ സമനിലയില്‍ കുരുക്കിയതിന്‍റെ ആശ്വാസവുമായി മൊറോക്കോ നാട്ടിലേക്കുള്ള വണ്ടി പിടിച്ചു.
സങ്കീര്‍ണമായ ഡി ഗ്രൂപ്പില്‍ ഐസ്‍ലാന്‍റിനെ തകര്‍ത്ത നെെജീരിയക്ക് അവസാന മത്സരത്തില്‍ അര്‍ജന്‍റീനയോട് തോറ്റതാണ് വിനയായത്. ടുണീഷ്യയും വലിയ ചലനം സൃഷ്ടിക്കാതെ പോയപ്പോള്‍ സെനഗലിന്‍റെ കാര്യമാണ് ഏറ്റവും കഷ്ടമായത്. പോളണ്ടിനെ തോല്‍പ്പിക്കുകയും ജപ്പാനെ സമനിലയില്‍ തളയ്ക്കുകയും ചെയ്ത സെനഗല്‍ അവസാന മത്സരത്തില്‍ കൊളംബിയയോട് പരാജയമേറ്റു വാങ്ങി.
പക്ഷേ, അപ്പോഴും പോയിന്‍റ് കണക്കില്‍ ജപ്പാനൊപ്പം നിന്ന സെനഗല്‍ ഗോള്‍ വ്യത്യസത്തിലും സമനില പാലിച്ചതോടെ മഞ്ഞക്കാര്‍ഡിന്‍റെ എണ്ണം കൂടിയതിനാലാണ് പുറത്തോട്ടുള്ള വഴിക്ക് ഇറങ്ങേണ്ടി വന്നത്. 1982ന് ശേഷം ആഫ്രിക്കന്‍ ടീമുകളുടെ ഏറ്റവും മോശം പ്രകടനത്തിനാണ് ഇതോടെ റഷ്യന്‍ ലോകകപ്പ് വേദിയായത്. 1986 മെക്സിക്കോ ലോകകപ്പ് മുതല്‍ ഒരു ആഫ്രിക്കന്‍ ടീമെങ്കിലും പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയിട്ടുണ്ട്.
1998ലാണ് ആഫ്രിക്കയുടെ അംഗബലം ലോകകപ്പില്‍ അഞ്ചാക്കി ഉയര്‍ത്തിയത്. 2010ല്‍ ദക്ഷിണാഫ്രിക്ക ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോള്‍ അതിന്‍റെ എണ്ണം ആറായി. അന്ന് ക്വാര്‍ട്ടര്‍ വരെയെത്തി ഘാന അത്ഭുതം കാണിച്ചു. ആ ഘാനയ്ക്ക് ഇത്തവണത്തെ ലോകകപ്പിന് യോഗ്യത നേടാന്‍ ആയില്ലെന്നുള്ളത് മറ്റൊരു സത്യം.
ആഫ്രിക്ക മടങ്ങുകയാണ്... ഓര്‍മിക്കാന്‍ ഒന്നും ബാക്കിയില്ലെങ്കിലും ചില നല്ല നിമിഷങ്ങള്‍ സമ്മാനിക്കാന്‍ നെെജീരിയക്കും സെനഗലിനുമെല്ലാം കഴിഞ്ഞിട്ടുണ്ട്. നഷ്ടമാകാത്ത പോരാട്ട വീര്യമാണ് ആഫ്രിക്കന്‍ ടീമുകളുടെ പ്രത്യേകത. റഷ്യയില്‍ നേരിട്ട തിരിച്ചടികളുടെ കണക്ക് തീര്‍ക്കാന്‍ ഖത്തറില്‍ അവര്‍ ഉദയം ചെയ്യുക തന്നെ ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam