ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം: കോടിയേരി

By Web DeskFirst Published Jul 12, 2016, 4:34 PM IST
Highlights

ന്യൂ‍ഡല്‍ഹി: ശബരിമല സന്നിധാനത്ത് എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിപ്പിക്കാമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആചാരാനുഷ്ടാങ്ങൾ പിന്തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സർക്കാർ നൽകിയ സത്യവാങ്മൂലം നിലനിൽക്കെ എൽഡിഎഫ്  സർക്കാർ പുതിയ സത്യവാങ്മൂലം നൽകാൻ ഒരുങ്ങുന്നതിനിടെയാണ് മുൻ എൽഡിഎഫ് സര്‍ക്കാരിന്‍റെ നിലപാട് പരസ്യമായിപ്പറഞ്ഞ് കോടിയേരി രംഗത്തെത്തിയത്. ശബരിമലയിൽ എല്ലാ വിഭാഗം സ്ത്രീകളേയും പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് പുതിയ സത്യവാങമൂലം കോടതിയിൽ സമർപ്പിക്കുമെന്ന് കോടിയേരി പറഞ്ഞു.

വിഎസ് സർക്കാറിന്റെ കാലത്ത് ജി സുധാകരൻ ദേവസ്വം മന്ത്രിയായിരുന്നപ്പോഴാണ് ശബരിമല സന്നിധാനത്ത് എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിപ്പിക്കാമെന്ന നിലപാട് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആ നിലപാട് തിരുത്തി ആചാരാനുഷ്ഠാനങ്ങൾ പിന്തുണടരാൻ അനുവദിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു.

എന്നാല്‍ പഴയ യുഡിഎഫ് സർക്കാരന്റെ നിലപാടല്ല പിണറായി സർക്കാരിനെന്ന് പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു ഇന്ന്  കോടിയേരി ചെയ്തത്.

കേസിൽ ഭരണഘടനാ വിഷയങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ കേസ് ഭരണഘടനാ ബെഞ്ചിന് വിടുമെന്ന് ജസ്റ്റിസ് ദീപക് മിശ്ര കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരാളുടെ മൗലിക അവകാശം മറ്റൊരാളുടെ മൗലിക അവകാശത്തെക്കാൾ വലുതല്ല.
ഭരണഘടനാപരമായ വ്യവസ്ഥകൾക്ക് വിരുദ്ധമായി ക്ഷേത്രങ്ങൾക്ക് വിലക്കുകൾ നടപ്പാക്കാനാകുമോ എന്നുമുള്ള കോടതി പരാമർശങ്ങൾക്ക് പൂർണ്ണ പിന്തുണയാണ് പരസ്യപ്രഖ്യാപനം വഴി സിപിഎം നൽകുന്നത്.

click me!