നിലമ്പൂരില്‍ 34 ലിറ്റര്‍ വിദേശ മദ്യവുമായി ചുങ്കത്തറ സ്വദേശിനിയായ യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പുതുവത്സര വിപണി ലക്ഷ്യമിട്ട് വീടിന്റെ പിന്‍ഭാഗത്ത് കുഴിച്ചിട്ട നിലയിലായിരുന്നു മദ്യക്കുപ്പികള്‍.
മലപ്പുറം: 34 ലിറ്റര്‍ വിദേശ മദ്യവുമായി യുവതി എക്‌സൈസിന്‍റെ പിടിയിലായി. ചുങ്കത്തറ സ്വദേശിനി ബേബിയെ (38) ആണ് നിലമ്പൂര്‍ എക്സൈസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വീടിന്‍റെ പിന്‍ഭാഗത്ത് മദ്യവില്‍പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ ബിജു പി എബ്രഹാമും സംഘവും നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്. വീടിന്‍റെ പരിസരങ്ങളില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മദ്യ കുപ്പികള്‍. 36 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യ കുപ്പികളാണ് എക്‌സൈസ് സംഘം ഇവിടെ നിന്നും കണ്ടെടുത്തത്. അബ്കാരി നിയമം 55 എ, 55 ഐ, 13 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
സംഘം പരിശോധനയ്ക്ക് എത്തിയ സമയം ബേബിയുടെ വീടിന്‍റെ പിന്‍ഭാഗത്തെ ഷെഡില്‍ മദ്യ വില്‍പന നടത്തുകയായിരുന്നു. പുതുവത്സര വിപണി ലക്ഷ്യമിട്ടാണ് ബേബി ഇത്രയധികം മദ്യം സൂക്ഷിച്ചതും വില്‍പന നടത്തിയതും. ക്രിസ്മസ്, പുതുവത്സര പ്രത്യേക പരിശോധനയുടെ ഭാഗമായാണ് എക്‌സൈസ് സംഘം വീട്ടില്‍ പരിശോധന നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ സി കെ റം ഷുദിന്‍, സി ഇ ഒ മാരായ ആബിദ്, വിഷ്ണുജിത്ത്, ഡബ്ല്യു സി ഇ ഒ ഷീന എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
അടിമാലി ജോയി 43 ലിറ്റർ ചാരായവുമായി പിടിയിൽ
അതിനിടെ പാലക്കാട് അട്ടപ്പാടിയിൽ എക്സൈസിൻ്റെ വൻ ചാരായ വേട്ട. പുതുവത്സര വിപണി ലക്ഷ്യമിട്ട് തയ്യാറാക്കിയ 43 ലിറ്റർ ചാരായമാണ് പിടികൂടിയത്. അഗളി സ്വദേശികളായ അടിമാലി ജോയി, മങ്ങാടൻകണ്ടി ജയൻ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. അഗളി മൂച്ചിക്കടവിൽ വീടിനോട് ചേർന്നുള്ള ഹോട്ടൽ എന്നെഴുതിയ താൽകാലിക കെട്ടിടത്തിനുള്ളിൽ ചാരായം വിൽപന നടക്കുന്നുവെന്ന രഹസ്യ വിവരത്തേ തുടർന്നായിരുന്നു പരിശോധന. അഗളി റേഞ്ച് എക്സൈസ് റേഞ്ച് ഓഫീസിൽ തിങ്കളാഴ്ച വൈകീട്ടായിരുന്നു രഹസ്യ സന്ദേശമെത്തിയത്. പിന്നാലെ പ്രിവൻറ്റീവ് ഓഫീസർ ജെ ആർ അജിത്തിൻ്റെ നേതൃത്വത്തിൽ ഏഴംഗസംഘം മൂച്ചിക്കടവിലെത്തി. ആദ്യ പരിശോധനയിൽ പത്ത് ലിറ്ററിൻ്റെ രണ്ട് പ്ലാസ്റിക് കന്നാസുകളിൽ നിറയെ ചാരായം കണ്ടെത്തി. തൊട്ടടുത്തായി 20 ലിറ്റർ കന്നാസിൽ എട്ട് ലിറ്റർ ചാരായവും. പ്രതികളെ തൊണ്ടി സഹിതം പൊക്കിയതോടെ കെട്ടിടത്തിന് മുൻവശത്തെ ഗുഡ്സ് ഓട്ടോയിൽ ചില്ലറ വിൽപനയ്ക്കായി മാറ്റിവെച്ച 15 ലിറ്റർ ചാരായവും പ്രതികൾ തന്നെ ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുത്തു. ആകെ 43 ലിറ്റർ ചാരായവും ഗുഡ്‌സ് ഓട്ടോയും എക്സൈസ് കസ്റ്റഡിയിലെടുത്തു.


