ആലുവ ബാങ്കില്‍ രണ്ട് കോടിയുടെ തട്ടിപ്പ്; മാനേജരും ഭർത്താവും പിടിയിലായി

By Web TeamFirst Published Dec 15, 2018, 12:12 AM IST
Highlights

അസിസ്റ്റന്‍റ് മാനേജരായി പ്രവർത്തിച്ച ബാങ്കിലെ സ്വർണപണ്ടം കൈക്കലാക്കിയ ശേഷം അതേരൂപത്തിലും തൂക്കത്തിലുമുള്ള മുക്കുപണ്ടം വച്ചായിരുന്നു സിസ് മോളുടെ തട്ടിപ്പ്. പണമടച്ച് സ്വർണാഭരണങ്ങൾ തിരിച്ചെടുക്കാനെത്തിയ ആള്‍ സ്വർണം പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് നടത്തിയ പരിശോധനയിൽ 128 പേരുടെ ലോക്കറുകളിൽ മുക്കുപണ്ടങ്ങളാണെന്ന് വ്യക്തമായി

കൊച്ചി: ആലുവ യൂണിയൻ ബാങ്കിൽ നിന്ന് രണ്ടു കോടി രൂപയുടെ സ്വർണ തട്ടിപ്പ് നടത്തിയ കേസ് ഇൽ ബാങ്ക് മാനേജരും ഭർത്താവും അറസ്റ്റിൽ. അങ്കമാലി സ്വദേശിയായ സിസ് മോള്‍ ,ഭർത്താവ് സജിത്ത് എന്നിവരാണ് ആലുവ ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം പൊലീസിന് ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ സ്വർണതട്ടിപ്പ് പുറത്തായത്.

അസിസ്റ്റന്‍റ് മാനേജരായി പ്രവർത്തിച്ച ബാങ്കിലെ സ്വർണപണ്ടം കൈക്കലാക്കിയ ശേഷം അതേരൂപത്തിലും തൂക്കത്തിലുമുള്ള മുക്കുപണ്ടം വച്ചായിരുന്നു സിസ് മോളുടെ തട്ടിപ്പ്. പണമടച്ച് സ്വർണാഭരണങ്ങൾ തിരിച്ചെടുക്കാനെത്തിയ ആള്‍ സ്വർണം പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് നടത്തിയ പരിശോധനയിൽ 128 പേരുടെ ലോക്കറുകളിൽ മുക്കുപണ്ടങ്ങളാണെന്ന് വ്യക്തമായി. തുടർന്ന് പ്രത്യേക അന്വേഷണസംഘത്തിന്‍റെ നേതൃത്തത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും ഇരുവരെയും കണ്ടെത്താനായിരുന്നില്ല.

ഗോവ,മംഗലാപുരം, ഉടുപ്പി എന്നിവിടങ്ങളിലും സംഘങ്ങളായി തിരിഞ്ഞ് പൊലീസ് എത്തിയെങ്കിലും ഇരുവരെയും പിടികൂടാനായില്ല. ഒടുവിൽ കോഴിക്കോട് നിന്ന് ഇരുവരും പൊലീസിന്‍റെ വലയിൽ ആകുകയായിരുന്നു. കാണാതായ 8 മുക്കാൽ കിലോ സ്വർണവും തിരിച്ചു പിടിക്കാനായെന്ന് പൊലീസ് പറയുന്നു. എന്നാൽ തട്ടിപ്പിലൂടെ നേടിയ പണം ഏതൊക്കെ തരത്തിൽ ഉപയോഗിച്ചു എന്നത് സംബന്ധിച്ച അന്വേഷണം തുടരുകയാണ്. തട്ടിപ്പിൽകൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് വിശദമായി പരിശോധിക്കാനാണ് പൊലീസ് തീരുമാനം.

click me!