അമര്‍നാഥ് ആക്രമണം; ബസ് ഡ്രൈവറുടെ ധീരതയ്ക്ക് 5 ലക്ഷം രൂപ പാരിതോഷികം

By Web DeskFirst Published Jul 12, 2017, 2:36 PM IST
Highlights

കാശ്മീര്‍: ഏഴ് പേരുടെ മരണത്തിനിടയാക്കിയ അമര്‍നാഥ് തീവ്രവാദാക്രമണത്തില്‍ നിന്ന് മറ്റ് യാത്രികരെ രക്ഷപെടുത്തിയ ബസ് ഡ്രൈവര്‍ ഷെയ്ക് സലീം ഗഫൂറിന് ജമ്മുകാശ്മീര്‍ സര്‍ക്കാരും ശ്രീ അമര്‍നാഥ് ജി ശ്രൈന്‍ ബോര്‍ഡും ചേര്‍ന്ന് അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കും. സര്‍ക്കാര്‍ മൂന്ന് ലക്ഷവും ബോര്‍ഡ്  രണ്ട് ലക്ഷവുമാണ് നല്‍കുക. 

ആക്രമണത്തില്‍ മരണമടഞ്ഞവരുടെ കുടുംബത്തിന് ആറ് ലക്ഷം രൂപയുടെ ധനസഹായവും മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും സാരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും സര്‍ക്കാര്‍ നല്‍കും. പരിക്കേറ്റവര്‍ക്കുള്ള ധനസഹായം ഉടന്‍ നല്‍കാന്‍ മന്ത്രിസഭ ധനവകുപ്പിന് നിര്‍ദേശം നല്‍കി. 

മരണമടഞ്ഞവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 1.5ലക്ഷം രൂപയും ആശ്വാസമായി നല്‍കുമെന്ന് ഗവര്‍ണര്‍ എന്‍.എന്‍ വൊഹ്‌റ അറിയിച്ചിട്ടുണ്ട്. സാരമായി പരിക്കേറ്റവര്‍ക്ക് 75000രൂപയുടെ സഹായവും ഗവര്‍ണ്ണര്‍ നല്‍കും. ബസ് വളഞ്ഞ തീവ്രവാദികളെ വെട്ടിച്ച് വാഹനം മുന്നോട്ടെടുത്ത ഷെയ്ക് സലീം ഗഫൂറിന്റെ സമയോചിത ഇടപെടല്‍ ആക്രമണത്തില്‍ നിന്ന് കൂടുതല്‍ തീര്‍ത്ഥാടകരെ രക്ഷിക്കുകയായിരുന്നു. ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് അമര്‍നാഥ് യാത്രികര്‍ സഞ്ചരിച്ച ബസിനുനേരെ കഴിഞ്ഞദിവസം നടന്ന ആക്രമണത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റിരുന്നു.
 

click me!