ഇസ്രായേലിനെ ആക്രമിച്ചാൽ ചിന്തിക്കുന്നതിനും അപ്പുറമുള്ള പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പ്രധാനമന്ത്രി നെതന്യാഹു ഇറാന് മുന്നറിയിപ്പ് നൽകി. ഇസ്രയേൽ പാർലമെന്റായ നെസെറ്റിൽ സംസാരിക്കവെ, ഏത് സാഹചര്യവും നേരിടാൻ രാജ്യം സുസജ്ജമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു
ടെൽ അവീവ്: ഇസ്രായേലിനെ ആക്രമിക്കാൻ മുതിർന്നാൽ ഇറാൻ ചിന്തിക്കുന്നതിനും അപ്പുറത്തുള്ള പ്രത്യാഘാതങ്ങളും തിരിച്ചടിയും നേരിടേണ്ടി വരുമെന്ന് ഉറപ്പാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ കർശന മുന്നറിയിപ്പ്. ഇസ്രായേൽ പാർലമെന്റായ നെസെറ്റിൽ സംസാരിക്കവെയാണ് നെതന്യാഹു ഭീഷണി പ്രഖ്യാപനം നടത്തിയത്. ഏത് സാഹചര്യവും നേരിടാൻ രാജ്യം സുസജ്ജമാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഏതൊരു പ്രകോപനത്തിനും അതിശക്തമായ ഭാഷയിലായിരിക്കും മറുപടി നൽകുകയെന്നും നെതന്യാഹു വ്യക്തമാക്കി. മേഖലയിൽ സംഘർഷം പുകയുന്നതിനിടെ ഇസ്രായേൽ പ്രതിരോധം ശക്തമാക്കിയതായും ശത്രുക്കളുടെ ഏത് നീക്കവും പരാജയപ്പെടുത്താൻ തങ്ങളുടെ സൈന്യത്തിന് കരുത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ - അമേരിക്ക ആണവ ചർച്ചകളടക്കം തീരുമാനമാകാതെ നീളുന്ന സാഹചര്യത്തിൽ വീണ്ടുമൊരു യുദ്ധത്തിന് സാധ്യതയുണ്ടെന്ന വിലയിരുത്തലുകൾക്കിടയിലാണ് നെതന്യാഹുവിന്‍റെ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
യുഎസ്എസ് ജെറാൾഡ് ഫോർഡ് പശ്ചിമേഷ്യ ലക്ഷ്യമിട്ടെത്തി
അതേസമയം ഇറാനുമായുള്ള സംഘർഷ സാഹചര്യം തുടരുന്നതിനിടെ അമേരിക്കൻ കരുത്തിന്റെ പ്രതീകമായ ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യു എസ് എസ് ജെറാൾഡ് ഫോർഡ് ഗ്രീസ് സമുദ്രാതിർത്തിയിലെത്തി. വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ പിടികൂടിയ ദൗത്യം പൂർത്തിയാക്കി മടങ്ങുകയായിരുന്ന കപ്പൽ, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരമാണ് പശ്ചിമേഷ്യ ലക്ഷ്യമിട്ട് നീങ്ങിയത്. ഇറാനെതിരെയുള്ള സൈനിക നീക്കത്തിന്റെ ഭാഗമായാണ് പശ്ചിമേഷ്യ ലക്ഷ്യമാക്കി യു എസ് എസ് ജെറാൾഡ് ഫോർഡ് ഗ്രീസ് സമുദ്രാതിർത്തിയിലെത്തിയതെന്നാണ് വ്യക്തമാകുന്നത്. ജിബ്രാൾട്ടർ കടലിടുക്ക് പിന്നിട്ട് ഗ്രീസ് ഉൾപ്പെടെയുള്ള മേഖലകളിലേക്ക് കപ്പൽ അടുത്തത് ഇറാന് നൽകുന്ന ശക്തമായ മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ അറബിക്കടലിലുള്ള യു എസ് എസ് എബ്രഹാം ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പിനൊപ്പം ജെറാൾഡ് ഫോർഡ് കൂടി ചേരുന്നതോടെ മേഖലയിൽ അമേരിക്കയുടെ സൈനികാധിപത്യം വർദ്ധിക്കുമെന്നും ഇത് ഇറാനെതിരായ ആക്രമണത്തിന് മുന്നോടിയാണെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ മാസം 14 നാണ് ഇറാനുമേലുള്ള സമ്മർദം ശക്തമാക്കാനായി ഡോണൾഡ് ട്രംപ്, പശ്ചിമേഷ്യ ലക്ഷ്യമാക്കി രണ്ടാമത്തെ പടക്കപ്പൽ അയച്ചത്. ഇറാനുമായി ആണവ വിഷയത്തിൽ ധാരണയിൽ എത്തിയില്ലെങ്കിൽ യു എസ് എസ് ജെറാൾഡ് ഫോർഡ് പടക്കപ്പൽ ആവശ്യം വരുമെന്ന് ട്രംപ് പ്രതികരിച്ചിരുന്നു. ധാരണയിൽ എത്തിയാൽ പിൻവലിക്കാമല്ലോയെന്നും ട്രംപ് പറഞ്ഞിരുന്നു. എബ്രഹാം ലിങ്കണ്‍ പടക്കപ്പലിന് പിന്നാലെയാണ് ജെറാൾഡ് ഫോർഡിനെ കൂടി മേഖലയിൽ എത്തിച്ചത്. വെനസ്വേലയുടെ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ പിടികൂടിയ ദൗത്യത്തിന്‍റെ ഭാഗമായിരുന്ന അതേ കപ്പലാണ് ജെറാൾഡ് ആർ ഫോർഡ്. 60 യുദ്ധവിമാനങ്ങൾ ഉൾപ്പെടെ 75 വിമാനങ്ങളെ വരെ വഹിക്കാൻ ഈ കപ്പിലിന് കഴിയും.


