രോഗിയെ സ്ട്രക്ചറില്‍ തലകീഴായി കിടത്തിയ സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍

By Web DeskFirst Published Mar 26, 2018, 9:01 PM IST
Highlights
  • രോഗിയെ സ്ട്രക്ചറില്‍ തലകീഴായി കിടത്തിയ സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍

തൃശൂര്‍: രോഗിയെ സ്ട്രക്ചറിൽ തലകീഴായി കിടത്തിയ സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ അറസ്റ്റിലായി. പാലക്കാട് സ്വദേശി ഷെരീഫിനെ മുളങ്കുന്നത്ത് കാവ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തില്‍ ആംബുലൻസ് ഡ്രൈവർക്ക്  മനപൂര്‍വ്വമല്ലാത്ത വീഴ്ച പറ്റിയതായി തൃശൂര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ആരോഗ്യ മന്ത്രിക്ക് റിപ്പോർട്ട് നൽകി.
 
മരണം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും ഉത്തരവാദികളെ അറസ്റ്റ് ചെയ്യാത്തതിൽ  പൊലീസ് അനാസ്ഥ തുടരുന്നു എന്ന ആക്ഷേപത്തിനിടെയാണ് ആംബുലൻസ് ഡ്രൈവർ ഷെരീഫിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.  ജീവന് ഭീഷണിയുണ്ടാക്കുന്ന വിധം പെരുമാറിയെന്ന കുറ്റം ചുമത്തി 336ാം വകുപ്പ് പ്രകാരമാണ് കേസ്. രണ്ട് ആൾ ജാമ്യത്തിൽ പ്രതിയെ വിട്ടയച്ചു. അതേസമയം സംഭവത്തിൽ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ആശുപത്രി ജീവനക്കാർക്ക് ക്ലീൻചീറ്റ് നൽകി സൂപ്രണ്ട് ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. ആംബുലൻസില്‍ ഒപ്പം വന്ന  പാലക്കാട് ജില്ല ആശുപത്രിയിലെ അറ്റൻഡര്‍ വീല്‍ ചെയറാണ് ആവശ്യപ്പെട്ടത്.

അതിനാലാണ് സ്ട്രച്ചറിനു പകരം  വീല്‍ ചെയര്‍ നൽകിയത്. ഇക്കാര്യത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണ പരിക്ക് പറ്റിയ ആളെ ആംബുലൻസില്‍ കിടത്തുമ്പോള്‍ തലഭാഗമാണ്  ആദ്യം കിടത്തേണ്ടത്.എന്നാല്‍ രോഗിയെ കൊണ്ടുവന്നത് അങ്ങനെയല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം രോഗിയെ തലകീഴായി കിടത്തിയത് മനപൂര്‍വ്വമല്ലെന്നും മാനസികസമ്മര്‍ദ്ദം കാരണമാണ് അത്തരമൊരു പ്രവൃത്തി ഉണ്ടായതെന്നും ആംബുലൻസ് ഡ്രൈവര്‍ വ്യക്തമാക്കി.

click me!