
തിരുവന്തപുരം: കുരുന്നു ജീവനുമായി ആ ആംബുലന്‍സ് പരിയാരത്ത് നിന്ന് പറന്നെത്തിയെന്നേ പറയാനൊക്കൂ. 31 ദിവസം പ്രായമായ കുഞ്ഞുജീവനുമായി അക്ഷരാര്‍ത്ഥത്തില്‍ ആ ആംബുലന്‍സ് പറക്കുക തന്നെയായിരുന്നു. ജനിച്ച് 31 ദിവസം മാത്രമായ ഫാത്തിമാ ലൈബയുമായി കാസര്‍ഗോഡ് സ്വദേശിയായ ഡ്രൈവര്‍ തമീം കുതിച്ചപ്പോള്‍ വഴിയൊരുക്കിയത് വാട്ട്സ് ആപ്പ് കൂട്ടായ്മയും പൊലീസും. ട്രാഫിക്ക് സിനിമയിലെ രംഗങ്ങള്‍ ഒരു പക്ഷേ തമീമിന്റെ മനസില്‍ ആംബുലന്‍സില്‍ കയറുന്നതിന് മുമ്പ് ഓര്‍മ വന്നിട്ടുണ്ടാവണം.
ബുധനാഴ്ചയാണ് ഫാത്തിമ ലൈബയുടെ അവസ്ഥ ഹൃദയസംബന്ധിയായ തകരാറിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായത്. സിഎംസിസി ആംബുലന്‍സ്‍ സര്‍വ്വീസ് ഫാത്തിമ ലൈബയേയും പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് ശ്രീചിത്ര ആശുപത്രിയിലെത്തിച്ചത് ആറേകാല്‍ മണിക്കുറിലാണ്. എമർജൻസി മെഡിക്കൽ ടെക്ക്നീഷ്യനായ ജിന്റോയും ഡ്രൈവര്‍ തമീമിനൊപ്പമുണ്ടായിരുന്നു. തുടക്കം മുതൽ തന്നെ ആംബുലൻസിനു മുന്നിൽ അകമ്പടിയായി പോലീസ് വാഹനം ഉണ്ടായിരുന്നു. ചൈൽഡ് പ്രൊട്ടക്റ്റ് ടീം കേരള എന്ന സംഘടനയുടെ നേതൃത്വത്തിൽ ആംബുലൻസ് കടന്നു പോകുന്ന വഴികളിൽ അവരുടെ പ്രവർത്തകരെ വിന്യസിച്ചിരുന്നതും വഴിയൊരുക്കുന്നതില്‍ സഹായകമായി.
ചൈൽഡ് പ്രൊട്ടക്റ്റ് ടീം കേരളയുടെ CPT Mission KNR-TVM എന്ന 72 പേർ അടങ്ങുന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് സജ്ജീവമാക്കി അവസാനം വരെയും പ്രവർത്തിച്ചു. ഗ്രൂപ്പിൽ പൊലീസ്സുകാരെ കൂടി ഉൾപ്പെടുത്തി ആംബുലൻസ് പോകുന്ന വഴിക്കുള്ള തടസങ്ങൾ നീക്കാൻ വേണ്ട കാര്യങ്ങൾ ചെയ്തു. കുട്ടിയുമായി ആംബുലൻസ് പോകുന്ന വഴി ലൈവ് ആയി ഗ്രൂപ്പിൽ അംഗങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്നു. ഇതനുസരിച്ച് പ്രവർത്തകർ കാര്യങ്ങൾ ക്രമീകരിക്കാന്‍ ശ്രദ്ധിച്ചു. ആംബുലൻസ് ജീവനക്കാരുടെ സംഘടന ആയ KADTA അംഗങ്ങളും ഇവര്‍ക്ക് പിന്തുണയുമായി എത്തി. ഇടയ്ക്ക് ആംബുലൻസിൽ ഇന്ധനം നിറയ്ക്കേണ്ട സൗകര്യവും ഒരുക്കിയിരുന്നു. സാമൂഹ്യ മാധ്യമങ്ങൾ വഴി സംഭവം പ്രചരിച്ചതോടെ സഹായവുമായി കൂടുതൽ ആളുകൾ രംഗത്തെത്തി. വ്യാഴാഴ്ച്ച പുലർച്ചെ 3.20 ഓടെ ആംബുലൻസ് കുട്ടിയുമായി ശ്രീചിത്ര ആശുപത്രിയിൽ എത്തി. ഉടൻ തന്നെ കുഞ്ഞിനെ ഐ.സിയുവിലേക്ക് മാറ്റി. ആംബുലൻസ് ജീവനക്കാർക്കും പോലീസുകാർക്കും ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കും ഇപ്പോള്‍ സോഷ്യൽ മീഡിയയുടെ അഭിനന്ദന പ്രവാഹമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam