ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് പിന്മാറാനൊരുങ്ങി ട്രംപ്

By Web DeskFirst Published Oct 14, 2017, 10:14 AM IST
Highlights

ന്യുയോര്‍ക്ക്: ഇറാനുമായുള്ള ആണവകരാറിൽ നിന്ന് അമേരിക്ക പിന്മാറുമെന്ന് പ്രസിഡന്‍റ് ഡോണാൾഡ്‌ ട്രംപ്.  ഏറ്റവും മോശമായ കരാർ ആണ് ഇതെന്നും, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് ഇറാനെന്നും ട്രംപ് പറഞ്ഞു. 2015 ലാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക്ക് ഒബാമയുടെ നേതൃത്വത്തില്‍ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ,  ചൈന, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങള്‍ ഇറാനുമായി ആണവ കരാര്‍ ഒപ്പുവെച്ചത്.

കരാറിലെ വ്യവസ്ഥയനുസരിച്ച് ഇറാന്‍ ആണവ പദ്ധതികള്‍ കുറയ്ക്കുകയും പ്രത്യേകിച്ച് യുറേനിയം സമ്പുഷ്ടീകരണം ഒഴിവാക്കുകയും ആണവകേന്ദ്രങ്ങള്‍ അന്താരാഷ്ട്ര പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്യണം. ഇതിന് പകരമായി ഇറാനുമേല്‍ ഉണ്ടായിരുന്ന അന്താരാഷ്ട്ര സാമ്പത്തിക, വ്യാപാര ഉപരോധം നീക്കുകയായിരുന്നു. എന്നാല്‍ ഈ കരാറില്‍ നിന്ന് അമേരിക്ക പിന്മാറുമെന്നാണ് ഇന്ന് വൈറ്റ് ഹൌസില്‍ നടത്തിയ പ്രസംഗത്തില്‍ ട്രംപ് വ്യക്തമാക്കിയത്.

കരാറില്‍ നിന്ന് അമേരിക്ക ഏത് സമയവും പിന്മാറുമെന്നും അതിന് മുന്നോടിയായി കരാറുമായി ബന്ധപ്പെട്ട ഉറപ്പുകള്‍ അംഗീകരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ബാലിസ്റ്റിക്ക് മിസൈല്‍ പദ്ധതിയില്‍ യാതൊരു നിയന്ത്രണവും ഇറാന്‍ കൊണ്ടുവരുന്നില്ലെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് വ്യതിചലിക്കുന്നില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്, റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ എന്നിവരടക്കമുള്ള ലോക നേതാക്കള്‍ സംയുക്ത പ്രസ്താവന നടത്തി.

കരാറില്‍ നിന്ന് പൂര്‍ണ്ണമായി പിന്‍വാങ്ങുന്ന നടപടി ട്രംപ് എടുത്തിട്ടില്ല. എന്നാല്‍ കരാറിലെ വ്യവസ്ഥിതികള്‍ പരിശോധിക്കാനും കര്‍ക്കശമാക്കാനും യുഎസ് കോണ്‍ഗ്രസിന് 60 ദിവസത്തെ സമയം നല്‍കി. തുടര്‍ന്ന് ചര്‍ച്ച ചെയ്ത് കരാര്‍ പൂര്‍ണ്ണമായും റദ്ദാക്കുക എന്ന സമീപനമാണ് ട്രംപ് സ്വീകരിക്കുന്നത്. 

click me!