ബിജെപി വൈസ് പ്രസിഡന്റ് ആര്‍. ശ്രീലേഖ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു, കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ബിജെപി വിജയിക്കുമെന്ന് അവർ പ്രവചിച്ചു.  

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ മാത്രമല്ല, തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരളത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ബിജെപിയുടെ താമരകള്‍ വിരിയുമെന്ന് ബിജെപി വൈസ് പ്രസിഡന്റും ശാസ്തമംഗലം കൗണ്‍സിലറും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആര്‍. ശ്രീലേഖ. കേരളത്തിലെ ജനങ്ങള്‍ എന്‍.ഡി.എയോടൊപ്പമാണ്. ഇടതു-വലതു മുന്നണികളുടെ ഭരണം ജനങ്ങള്‍ക്ക് മതിയായി. ഒരു മാറ്റത്തിന് അവര്‍ കൊതിക്കുന്നുണ്ടെന്നും വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച്‌കൊണ്ട് അവര്‍ പറഞ്ഞു.

നര്‍മ്മദ കോപ്ലക്സിന് സമീപമുള്ള ചുവരില്‍ താമര വരച്ചുകൊണ്ടാണ് ശ്രീലേഖ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ്, സംസ്ഥാന ഉപാധ്യക്ഷന്‍ കെ സോമന്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി വി രാജേഷ്, ഡെപ്യൂട്ടി മേയര്‍ ആശാനാഥ് തുടങ്ങിയവരും ചടങ്ങില്‍ പങ്കാളികളായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 8162 വോട്ടിന്റെയും തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ 231 വോട്ടിന്റെയും ഭൂരിപക്ഷത്തില്‍ ബിജെപി മുന്നിലെത്തിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്.

കോൺഗ്രസിൽ നിന്ന് കെ മുരളീധരനും എൽഡിഎഫിൽ നിന്ന് സിറ്റിംഗ് എംഎൽഎ വി കെ പ്രശാന്തും മത്സരിക്കുമെന്ന് ഉറപ്പായതോടെ വട്ടിയൂർക്കാവിൽ മണ്ഡലചിത്രം തെളിഞ്ഞു. ശ്രീലേഖയോട് മണ്ഡലത്തിൽ സജീവമാകാൻ ബിജെപി നിർദ്ദേശിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ നിന്ന് ജയിച്ച ശ്രീലേഖ മേയറാകാത്തതിൽ പരിഭവത്തിലായിരുന്നു. സമവായത്തിൻറെ ഭാഗമായി വട്ടിയൂർക്കാവിൽ സീറ്റ് നൽകാമെന്ന് പാർട്ടി ഉറപ്പ് നൽകിയാണ് അനുനയിപ്പിച്ചത്.

അതേസമയം, സിറ്റിംഗ് എംഎൽഎ വികെ പ്രശാന്ത് ഇടത് സ്ഥാനാർത്ഥിയാകുമെന്നുറപ്പാണ്. മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് കെ മുരളീധരനെ ഇറക്കുന്നതോടെ വട്ടിയൂർക്കാവിൽ ശക്തമായ ത്രികോണപ്പോര് ഉറപ്പായി. 2021ൽ വട്ടിയൂര്‍ക്കാവിൽ എൽഡിഎഫിന് 61111 വോട്ടും, യുഡിഎഫിന് 35455ഉം എൻഡിഎക്ക് 39596 വോട്ടുമാണ് ലഭിച്ചത്. എൽഡിഎഫിന് 21515 വോട്ടിൻ്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.

2016

LDF -40,441

UDF- 51,322

NDA -43,700

ഭൂരിപക്ഷം UDF- 7622

2011

UDF 56,531

LDF 40,364

NDA 13,494

ഭൂരിപക്ഷം UDF 16167