ശശികലയ്ക്ക് വിഐപി പരിഗണനയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

By Web DeskFirst Published Jul 18, 2017, 10:22 PM IST
Highlights

പരപ്പന അഗ്രഹാര ജയിലിൽ എഐഎഡിഎംകെ നേതാവ് ശശികലയ്ക്ക് വിഐപി പരിഗണനയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. വിലകൂടിയ വസ്ത്രങ്ങൾ ധരിച്ച് ശശികലയും ഇളവരസിയും സെല്ലിന് പുറത്തുനടക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി ശശികല ജയിലിൽ ആഢംബര ജീവിതം നയിക്കുന്നുവെന്ന ഡിഐജിയുടെ റിപ്പോർട്ടിനെ സാധൂകരിക്കുന്നതാണ് ദൃശ്യങ്ങൾ.


പരപ്പന അഗ്രഹാര ജയിലിൽ സെല്ലിന് പുറത്ത് തടവുകാർ ധരിക്കുന്ന വസ്ത്രത്തിന് പകരം വിലകൂടിയ വസ്ത്രം ധരിച്ച് ശശികല. ഒപ്പം ഇളവരസിയും. കയ്യിൽ ബാഗ്.സന്ദർശകർക്കുളളതെന്ന് തോന്നിക്കുന്ന മുറിയിൽ നിന്നുളള ദൃശ്യങ്ങളിൽ ജയിൽ ജീവനക്കാരെയും കാണാം. ജയിലിൽ എല്ലാം ചട്ടങ്ങളും ലംഘിച്ചാണ് ശശികലയുടെ സുഖവാസമെന്ന ഡിഐജിയുടെ റിപ്പോർട്ടിന് ബലമേകുന്നതാണ് പുറത്തുവരുന്ന ദൃശ്യങ്ങൾ. ഇതിനൊപ്പം ശശികലയും ഇളവരസിയും ഉപയോഗിക്കുന്ന സെല്ലിൻ്രേത് എന്നുകരുതുന്ന ചിത്രങ്ങളും പുറത്തുവന്നു. അഞ്ച് മുറികളാണ് ഇരുവരും ഉപയോഗിക്കുന്നത് എന്നാണ് വിവരം.ര ണ്ട് കിടപ്പുമുറികൾ, ഒന്ന് ഡിഐജി കണ്ടെത്തിയ പ്രത്യേക അടുക്കള, മറ്റൊന്ന് സന്ദർശക മുറി. സാധനങ്ങൾ സൂക്ഷിക്കാൻ വേറൊരുമുറി. ഇവിടേക്കെല്ലാം മറ്റ് തടവുകാർ കടന്നുവരാതിരിക്കാൻ ബാരിക്കേഡുകളുണ്ട്.ജയിൽ ചട്ടങ്ങൾ ലംഘിച്ച് ശശികലക്ക് സന്ദർശകരെ കാണാൻ അനുമതി നൽകിയെന്ന് നേരത്തെ വിവാദമുണ്ടായിരുന്നു. ഇത് തെളിയിക്കുന്ന വിവരാവകാശ രേഖയും പുറത്തുവന്നു.കഴിഞ്ഞ 117 ദിവസത്തിനിടെ 82 തവണയാണ് സന്ദർശകരെ കാണാൻ ശശികലക്ക് അനുമതി ലഭിച്ചത്. 32 പേരുമായി ജയിലിൽ കൂടിക്കാഴ്ച നടത്തി. പതിനഞ്ച് ദിവസത്തിനിടെ ഒരു തവണമാത്രമേ സന്ദർശകരെ അനുവദിക്കാവൂ എന്ന ജയിൽ ചട്ടം മറികടന്നായിരുന്നു ഇതെല്ലാം. അതിനിടെ ചട്ടലംഘനങ്ങൾ പുറത്തുവന്ന ശേഷം ശശികലയ്ക്ക് വിഐപി പരിഗണന എടുത്തുകളഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്. രണ്ട് കോടി രൂപ കൈക്കൂലി നൽകി ശശികല ജയിലിൽ പ്രത്യേക സൗകര്യങ്ങളനുഭവിക്കുന്നുവെന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് ഡിഐജി ഡി രൂപ റിപ്പോർട്ട് നൽകിയത്. രഹസ്യവിവരം മാധ്യമങ്ങൾക്ക് നൽകിയതിന് രൂപയെയും ആരോപണം നേരിട്ട ജയിൽ വകുപ്പ് മേധാവിയെയും കഴിഞ്ഞ ദിവസം സ്ഥലംമാറ്റിയിരുന്നു.ഇത്  അച്ചടക്ക നടപടിയല്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ആർ കെ ദത്ത ഇന്ന് വ്യക്തമാക്കി.

 

 

 

 

 

 

 

 

 

 

click me!