40 സീറ്റുകളിൽ മത്സരിക്കാൻ തയ്യാറെടുക്കുന്ന ബിഡിജെഎസ്, മണ്ഡലങ്ങളുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൈമാറി. തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂർ പോലുള്ള എ ക്ലാസ് മണ്ഡലങ്ങൾ ആവശ്യപ്പെടാനും തീരുമാനിച്ചു.
തിരുവനന്തപുരം: 40 സീറ്റുകളിൽ മത്സരിക്കാൻ തയ്യാറായി ബിഡിജെഎസ്. ഇത് സംബന്ധിച്ചുള്ള മണ്ഡലങ്ങളുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൈമാറി. 2016ൽ 30 സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ എൻഡിഎയ്ക്കുണ്ടായ മുന്നേറ്റത്തിന് കാരണം ബിഡിജെഎസ്സിൻ്റെ കൂടി പ്രവർത്തനങ്ങളാണെന്നും അതിനാൽ കൂടുതൽ സിറ്റിന് അർഹതയുണ്ടെന്നും ബിഡിജെഎസ് കോർ കമ്മറ്റി വിലയിരുത്തി.
പുതുമുഖങ്ങളെയും പൊതുസമ്മതരെയും രംഗത്തിറക്കി കളം പിടിയ്ക്കാനാണ് ബിഡിജെഎസ് ശ്രമം. എ ക്ലാസ്സ് മണ്ഡലങ്ങളിൽ തങ്ങൾക്കും അർഹതയുണ്ടെന്നാണ് ബിഡിജെഎസ് നിലപാട്. ചെങ്ങന്നൂർ, വട്ടിയൂർകാവ്, കൊടുങ്ങല്ലൂർ, തൃപ്പൂണിത്തുറ, കരുനാഗപള്ളി തുടങ്ങിയ മണ്ഡലങ്ങൾ ആവശ്യപ്പെടാനും തീരുമാനിച്ചു. കൊടുങ്ങല്ലൂർ അല്ലെങ്കിൽ തൃപ്പൂണിത്തുറ മത്സരിക്കാനുള്ള താത്പര്യമാണ് തുഷാർ വെള്ളാപ്പള്ളി അറിയിച്ചത്.
എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നേരെ കരി ഓയിൽ ഒഴിയ്ക്കണമെന്ന് പറഞ്ഞ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത സംസ്ഥാന കോൺഗ്രസ് നേതൃത്വം തങ്ങളുടെയും അഭിപ്രായം അതു തന്നെയാണോയെന്ന് വ്യക്തമാക്കണമെന്ന് ബിഡിജെഎസ് ആവശ്യപ്പെട്ടു. മണ്ഡലങ്ങളുടെ പട്ടികയ്ക്ക് പിന്നാലെ സ്ഥാനാർത്ഥികളുടെ കരട് പട്ടിക ഈ മാസം 21 ന് ഉച്ചയ്ക്ക് 2 ന് ആലപ്പുഴയിൽ പ്രിൻസ് ഹോട്ടലിൽ ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യും. ആദ്യ പട്ടിക ഈ മാസം പ്രഖ്യാപിക്കും.


