ടൈം മാ​ഗസിന്റെ പട്ടികയിൽ ഇടം പിടിച്ച് മലയാളി പെൺകുട്ടി അമിക ജോർജ്ജ്

By Web TeamFirst Published Dec 21, 2018, 11:23 AM IST
Highlights

രാജ്യത്തെ ദരിദ്രർക്ക് സൗജന്യമായി സാനിട്ടറി പാഡ് നൽകണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ ഫ്രീ പീരിഡ്സ് എന്ന ഹാഷ്ടാ​ഗ് പ്രചരണ പരിപാടിയാണ്  അമികയെ ശ്രദ്ധേയയാക്കിയത്. 

ബ്രിട്ടൻ: ലോകത്തെ ഏറ്റവും സ്വാധീനമുള്ള 25 കൗമാരക്കാരുടെ പട്ടികയിൽ മലയാളി പെൺകുട്ടിയും.  ബ്രിട്ടീഷ് ഇന്ത്യൻ വംശജ അമിക ജോർജ്ജാണ് ടൈം മാ​ഗസിന്റെ പട്ടികയിൽ ഇടം പിടിച്ചത്. കേരളത്തിൽ വേരുകളുള്ള അമിക ജനിച്ചതും വളർന്നതും ബ്രിട്ടനിലാണ്. പത്തനംതിട്ട കുമ്പളാംപൊയ്ക സ്വദേശി ഫിലിപ്പ് ജോർജ്ജിന്റെയും കൊല്ലം സ്വദേശിനി നിഷയുടെയും മകളാണ്. ആർത്തവദാരിദ്ര്യം എന്നൊന്ന് ലോകത്തുണ്ടെന്ന് വിളിച്ചു പറഞ്ഞാണ് അമിക സമൂഹശ്രദ്ധയാകർഷിച്ചത്. 

രാജ്യത്തെ ദരിദ്രർക്ക് സൗജന്യമായി സാനിട്ടറി പാഡ് നൽകണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ ഫ്രീ പീരിഡ്സ് എന്ന ഹാഷ്ടാ​ഗ് പ്രചാരണ പരിപാടിയാണ്  അമികയെ ശ്രദ്ധേയയാക്കിയത്. ആർത്തവ സമയത്ത് സാനിട്ടറി പാഡ് വാങ്ങാൻ പണമില്ലാതെ സ്കൂളിൽ പോകാൻ സാധിക്കാത്ത കുട്ടിക​ളെക്കുറിച്ച് പത്രത്തിൽ വാർത്ത വന്നിരുന്നു. ബ്രിട്ടൻ പോലെയൊരു വികസിത രാജ്യത്തും ഇത്തരത്തിലൊരു അവസ്ഥ ഉണ്ടെന്ന തിരിച്ചറിവാണ് അമികയെ ഈ പ്രവർത്തനങ്ങളിലേക്കെത്തിച്ചത്. 

കഴിഞ്ഞ ഡിസംബര്‍ 20 ന് ബ്രിട്ടനിൽ നടന്ന റാലിയിൽ നിരവധി പേരാണ് പങ്കെടുത്തത്. ദരിദ്രവിദ്യാർത്ഥികൾക്ക് സൗജന്യമായി സാനിട്ടറി പാഡ് ലഭ്യമാക്കണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെട്ടു. റാലിക്ക് ശേഷം ബ്രിട്ടനിലെ ലേബർ പാർട്ടി ഈ പ്രശ്നം പരിഹരിക്കാൻ ഒരു കോടി യൂറോ വകയിരുത്തി. സൗജന്യമായി സാനിട്ടറി പാഡ് വിതരണം ചെയ്യാമെന്ന് ​ഗ്രീൻ പാർട്ടിയും സമ്മതിച്ചു. ബ്രിട്ടനിൽ റാലി നടന്നതിന്റെ ഒന്നാം വാർഷിക ദിനത്തിലാണ് ടൈം മാ​ഗസിന്റെ പട്ടികയിൽ അമിക ഇടം പിടിച്ചത്.                
 

click me!