
ന്യൂഡല്‍ഹി; മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനേയും സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനേയും അപമാനിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ച ബിജെപി ഐടി സെല്‍മേധാവി അമിത് മാളവ്യ വിവാദത്തില്‍. പട്ടേല്‍ സമുദായനേതാവ് ഹാര്‍ദിക് പട്ടേലിനെ വിമര്‍ശിക്കാന്‍ വേണ്ടി നെഹ്‌റുവിന്റെ വ്യക്തി ജീവിതത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചതാണ് അമിത് മാളവ്യയ്ക്ക് പണിയായത്.
നെഹ്‌റു പ്രശസ്തരായ സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച അമിത് മാളവ്യ അതിന് താഴെ ഹാര്‍ദികിന് നെഹ്‌റുവിന്റെ ചില ഡിഎന്‍എ സവിശേഷതകള്‍ ലഭിച്ചിട്ടുണ്ടെന്നും കുറിച്ചു വച്ചു. ഹര്‍ദികിന്റേതെന്ന പേരില്‍ ഒരു സ്വകാര്യ വിഡീയോ പുറത്തു വന്ന സാഹചര്യത്തിലായിരുന്നു അമിതിന്റെ പരിഹാസം.
എന്നാല്‍ അമിത് മാളവ്യ പുറത്തു ചിത്രങ്ങളില്‍ ചിലത് നെഹ്‌റുവും സഹോദരി വിജയലക്ഷ്മി പണ്ഡിറ്റും കൂടിയുള്ളതായിരുന്നു. റഷ്യയിലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന വിജയലക്ഷ്മി പണ്ഡിറ്റിനെ നെഹ്‌റു ദില്ലി എയര്‍പോര്‍ട്ടില്‍ സ്വാഗതം ചെയ്യുന്നതും, വിജയലക്ഷമി അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡറായി ജോലി ചെയ്തിരുന്ന കാലത്ത് അവിടെയെത്തിയ നെഹ്‌റുവിനെ അവര്‍ ആലിംഗനം ചെയ്ത് സ്വാഗതം ചെയ്യുന്നതുമായ ചിത്രങ്ങളും ചേര്‍ത്താണ് നെഹ്‌റു സ്ത്രീലമ്പടനാണെന്ന തരത്തില്‍ അമിത് മാളവ്യ ട്വീറ്റ് ചെയ്തത്.
വിജയലക്ഷമി പണ്ഡിറ്റിനെ കൂടാതെ അവസാനത്തെ ഇന്ത്യന്‍ വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ ഭാര്യ എഡ്വീന മൗണ്ട്ബാറ്റണ്‍, അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ ഭാര്യ ജാക്വിലിന്‍ കെന്നഡി, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണറായിരുന്ന സൈമണിന്റെ ഭാര്യ, മൗണ്ട് ബാറ്റണ്‍-എഡ്വീന ദമ്പതികളുടെ മകള്‍ പതിനെട്ടുകാരി പമേല മൗണ്ട്ബാറ്റണ്‍ എന്നിവര്‍ക്കൊപ്പമുള്ള നെഹ്‌റുവിന്റെ ചിത്രങ്ങളും അമിത് മാളവ്യ ട്വീറ്റ് ചെയ്തിരുന്നു. എന്തായാലും ഹര്‍ദികിനേയും കോണ്‍ഗ്രസിനേയും പരിഹസിക്കാനായി മാളവ്യ പടച്ചു വിട്ട ട്വീറ്റ് അദ്ദേഹത്തിനും ബിജെപിക്കുമെതിരായ ആയുധമാക്കി മാറ്റിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam