
ദില്ലി: ബിജെപി സംസ്ഥാനഘടകത്തിലെ ചേരിപ്പോര് അവസാനിപ്പിക്കാൻ കേന്ദ്ര നേതൃത്വം കടുത്ത നടപടികളിലേക്ക്. സംസ്ഥാനത്തെ സംഘടനാ സ്ഥിതിയെ കുറിച്ച് റിപ്പോര്‍ട്ട് നൽകാൻ ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളിൽ വന്ന വിമര്‍ശനങ്ങളുടെ ഹിന്ദി പരിഭാഷ നൽകാൻ പാർട്ടി ഐ.ടി വിഭാഗത്തിനും അധ്യക്ഷന്‍റെ നിർദ്ദേശമുണ്ട്.
ഗ്രൂപ്പടിസ്ഥാനത്തിൽ കേരളത്തിലെ ബി.ജെ.പിയിൽ തുടരുന്ന ചേരിതിരിവ് അവസാനിപ്പിക്കാൻ ശക്തമായ നടപടി ഉണ്ടാകുമെന്ന് കേന്ദ്ര നേതാക്കൾ അറിയിച്ചു. ചൊവ്വാഴ്ച കേരളത്തിലെത്തുന്ന പാര്‍ടി അദ്ധ്യക്ഷൻ അമിത്ഷാ കുമ്മനംരാജശേഖരിനെ മാറ്റിയതിൽ ആര്‍.എസ്.എസ് ഉയര്‍ത്തിയ എതിര്‍പ്പുകൾ പരിഹരിക്കാനുള്ള ചര്‍ച്ചകൾ നടത്തും.
ഒപ്പം പുതിയ അദ്ധ്യക്ഷന്‍റെ കാര്യത്തിൽ ആര്‍.എസ്.എസിന് പറയാനുള്ളതും കേൾക്കും. ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനാണ് അമിത്ഷ വരുന്നതെങ്കിലും സംഘടന പ്രശ്നങ്ങളും പുതിയ അദ്ധ്യക്ഷന്‍റെ കാര്യത്തിലുള്ള അനിശ്ചിതത്വവും പ്രധാന ചര്‍ച്ചയാകും. കേരളത്തിന്‍റെ സംഘടന സ്ഥിതിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഞായറാഴ്ച സംസ്ഥാനത്തിന്‍റെ ചുമതലയുള്ള മുരളീധര്‍ റാവു അമിത്ഷാക്ക് നൽകും.
പൊതുവായ സ്ഥിതിയും ഒപ്പം ഓരോ നേതാക്കളെ കുറിച്ചുള്ള വിവരവും അമിത്ഷാ തേടിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ വന്ന വിമര്‍ശനങ്ങളും ഗൗരവത്തോടെയാണ് കേന്ദ്ര നേതൃത്വം കാണുന്നത്. ഇതെല്ലാം പരിശോധിച്ചാകും അമിത്ഷാ കേരളത്തിലെത്തുക. ഗ്രൂപ്പടിസ്ഥാനത്തിൽ നിൽക്കുന്ന എല്ലാ നേതാക്കളെയും നിലയ്ക്ക് നിറുത്തേണ്ടിവരുമെന്ന് കേന്ദ്രനേതാക്കൾ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam