
കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗം നാളെ കൊച്ചിയിൽ നടക്കും. പുതിയ പ്രസിഡന്‍റായി മോഹൻലാൽ ചുമതലയേൽക്കും. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരികെ കൊണ്ടുവരാനുളള നീക്കങ്ങളും തകൃതിയാണ്
രാവിലെ പത്തിനാണ് അമ്മ വാർഷിക പൊതുയോഗം തുടങ്ങുന്നത്. പതിവിൽ നിന്ന് വിപരീതമായി ഇത്തവണ മാധ്യമങ്ങൾക്ക് പ്രവേശനമില്ല. വാർത്താസമ്മേളനവും നടത്തുന്നില്ല. കഴിഞ്ഞ വാർഷിക ജനറൽ ബോഡിക്ക് ശേഷമുളള വാർത്താസമ്മേളനത്തിനിടെ ദിലീപ് വിഷയം മാധ്യമങ്ങൾ ചോദിച്ചതും നടനെ സംരക്ഷിക്കാൻ സംഘടനാ ഭാരവാഹികൾ നടത്തിയ ശ്രമങ്ങളും കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.
നടിയെ ആക്രമിച്ച കേസിൽ പ്രതിയായതിനുപിന്നാലെ ദിലീപിനെ പുറത്താക്കിയത് പിൻവലിപ്പിക്കാനുളള അണിയറ നീക്കങ്ങൾ സജീവമായി നടക്കുന്നുണ്ട്. ഇക്കാര്യം വാർഷിക ജനറൽ ബോഡിയിൽ അവതരിപ്പിച്ച് ദിലീപിനെ തിരികെ കൊണ്ടുവരാനാണ് നീക്കം. പുറത്താക്കുമെന്ന് ഒരു വർഷം മുൻപ് പ്രഖ്യാപിച്ചെങ്കിലും ഇതിനുളള നടപടികൾ പൂർത്തിയാക്കിയിട്ടില്ലെന്നാണ് വിശദീകരണം.
ദിലീപിനെ എതിർക്കുന്ന വനിതാ അംഗങ്ങൾ അടക്കമുളളവരെ എക്സിക്യൂട്ടിവിൽ നിന്നടക്കം ഒഴിവാക്കിയാണ് അണിയറയിൽ ചരടുവലി തുടരുന്നത്. പതിനെട്ട് വർഷം സംഘടനയുടെ പ്രസിഡന്‍റായിരുന്ന ഇന്നസെന്‍റിന് പകരക്കാരനായാണ് മോഹൻലാൽ പ്രസിഡന്‍റായി ചുമതലയേൽക്കുന്നത്. കെ ബി ഗണേഷ് കുമാറും മുകേഷും വൈസ് പ്രസിഡന്‍റുമാരാകും. ഇടവേള ബാബുവാണ് മമ്മൂട്ടിക്ക് പകരം ജനറൽ സെക്രട്ടറിയാവുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam