കാണാതായ വ്യോമസേനാ വിമാനത്തിലെ മുഴുവന്‍പേരും മരിച്ചതായി സ്ഥിരീകരണം

By Web DeskFirst Published Sep 15, 2016, 1:34 PM IST
Highlights

ദില്ലി: ബംഗാൾ ഉൾക്കടലിന് മുകളിൽ കാണാതായ എ എൻ 32 വിമാനത്തിലെ എല്ലാ യാത്രക്കാരും മരിച്ചതായി സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു; വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും അതിനുള്ള ശ്രമങ്ങൾ ഇനിയും തുടരുമെന്നും സൈന്യം വ്യക്തമാക്കി. ഇക്കാര്യമറിയിച്ച് സൈന്യം വിമാനത്തിലുണ്ടായിരുന്നവരുടെ കുടുംബാംഗങ്ങൾക്ക് കത്ത് നൽകി.

ജൂലൈ 22 നാണ് വ്യോമസേനയുടെ എ എൻ 32 വിമാനം ബംഗാൾ ഉൾക്കടലിന് 150 നോട്ടിക്കൽ മൈൽ ദൂരത്ത് വെച്ച് കാണാതായത്. റഡാറിൽ നിന്ന് അപ്രത്യക്ഷമായ വിമാനത്തെക്കുറിച്ച് വ്യോമ, നാവികസേനകളുടെ സംയുക്തസംഘം വിപുലമായ തെരച്ചിൽ നടത്തിയിട്ടും വ്യക്തമായ ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. രണ്ട് ലക്ഷം കിലോമീറ്റർ ദൂരപരിധിയിൽ സമുദ്രോപരിതലത്തിൽ പതിനഞ്ച് ദിവസത്തോളം നടത്തിയ തെരച്ചിലിൽ വിമാനത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭിയ്ക്കാത്തതിനെത്തുടർന്ന് തെരച്ചിൽ ആഴക്കടലിലേയ്ക്ക് കേന്ദ്രീകരിച്ചിരുന്നു.

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സാഗർ രത്നാകർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയുടെ സാഗർ നിധി എന്നീ രണ്ട് കപ്പലുകളാണ് ആധുനിക ഉപകരണങ്ങളുപയോഗിച്ച് ആഴക്കടൽ തെരച്ചിലിന് നേതൃത്വം നൽകിയിരുന്നത്. എക്കോ സൗണ്ടിംഗ് സംവിധാനമുപയോഗിച്ച് കടലിന്റെ അടിത്തട്ടിൽ നടത്തിയ തെരച്ചിലിൽ ചെന്നൈ തീരത്തു നിന്ന് 160 നോട്ടിക്കൽ മൈൽ അകലെ വിമാനത്തിന്റെ ആകൃതിയ്ക്ക് സമാനമായ 14 വസ്തുക്കളുടെ ചിത്രങ്ങൾ ഈ കപ്പലുകൾക്ക് ലഭിച്ചിട്ടുണ്ട്.

എന്നാൽ ഇതൊന്നും കാണാതായ വിമാനത്തിന്‍റേതാണോ എന്ന് സ്ഥിരീകരിയ്ക്കാൻ സൈന്യത്തിനായിട്ടില്ല. ഇന്ത്യയുടെ ചരിത്രത്തിൽത്തന്നെ ഏറ്റവും നീണ്ടതും വിപുലവുമായ തെരച്ചിലാണ് കാണാതായ എ എൻ 32 വിമാനത്തിനു വേണ്ടി പ്രതിരോധമന്ത്രാലയം നടത്തിയത്. ഒന്നരമാസം നീണ്ട തെരച്ചിലിൽ ഒരു വിവരവും കിട്ടാത്തതിനെത്തുടർന്നാണ് യാത്രക്കാരെല്ലാം മരിച്ചതായി സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മരിച്ചവർക്ക് നഷ്ടപരിഹാരം ഉടൻ നൽകുമെന്നും സൈന്യം വ്യക്തമാക്കി. ജൂലൈ 22 ന് കാണാതായ എ എൻ 32 വിമാനത്തിൽ മിലിട്ടറി എഞ്ചിനീയറിംഗ് സർവീസസിലെ ഉദ്യോഗസ്ഥരായ രണ്ട് കോഴിക്കോട് സ്വദേശികളുമുണ്ടായിരുന്നു.

click me!