ക്ഷേത്ര മേൽക്കൂര പൊളിച്ചപ്പോൾ കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിദേശ നാണയങ്ങള്‍

By Web DeskFirst Published Apr 17, 2018, 7:12 PM IST
Highlights
  • ക്ഷേത്ര മേൽക്കൂര പൊളിച്ചപ്പോൾ നാണയങ്ങള്‍
  • നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിദേശ നാണയങ്ങള്‍
  • തിരുവമ്പാടി ക്ഷേത്രത്തിൽ നിന്ന്
  • ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിനിടയിലാണിത്

കാസർഗോഡ്: നവീകരണത്തിനായി ക്ഷേത്ര മേൽക്കൂര പൊളിച്ചപ്പോൾ കിട്ടിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള വിദേശ നാണയങ്ങൾ. കാസർഗോഡ് തൃക്കരിപ്പൂർ തിരുവമ്പാടി ക്ഷേത്ര പുനർനിർമ്മാണത്തിനിടയിലാണ് അപൂർവ്വ നാണയങ്ങൾ കണ്ടെത്തിയത്.

പുനർ പ്രതിഷ്ഠയോനബന്ധിച്ച് ക്ഷേത്രത്തിന്റെ നമസ്കാര മണ്ഡപം പൊളിച്ചിരുന്നു. ഇതിനിടയിലാണ് അമൂല്യമായ വിദേശ നാണയങ്ങൾ കണ്ടെത്തിയത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ബ്രീട്ടീഷ്, ഡച്ച്, പോർച്ചുഗീസ്, ഇറ്റാലിയൻ നാണയങ്ങളാണ് ലഭിച്ചത്. നമസ്കാര മണ്ഡപത്തിലെ മേൽക്കൂര ബന്ധിപ്പിക്കുന്ന കഴുക്കോലുകൾക്ക് വാഷറുകളായാണ് ഇവ ഉപയോഗിച്ചിരുന്നത്. ഇതിനായി നാണയങ്ങളുടെ മധ്യഭാഗത്ത് തുളയിട്ടുണ്ട്.

എന്നാണ് അവസാനമായി ക്ഷേത്ര മേൽക്കൂര പുനർനിർമ്മിച്ചതെന്നതിനെകുറിച്ച് നാട്ടുകാർക്കും അറിവില്ല. പോർച്ചുഗൽ രാജാവ് കാർലോസ് 1862 ൽ ഇറക്കിയ ഇരുപത് റയിസ് നാണയം, ഇറ്റാലിയൻ രാജാവ് വിറ്റോറിയോ ഇമ്മാനുവൽ രണ്ടാമൻ 1863 ൽ ഇറക്കിയ സിമി വെങ്കല നാണയം, 1870 ൽ മലേഷ്യയിലെ ഷറവാക്ക് രാജാവ് ചാൾസ് ബ്രോക്ക് ഇറക്കിയ അര സെന്റ് ചെമ്പ് നാണയം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി 1834 ൽ ഇറക്കിയ ഒരണ നാണയം എന്നിവയാണ് കണ്ടെത്തിയത്. നേരത്തെ ബങ്കളം ക്ഷേത്രത്തിന് സമീപത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള മുനിയറകൾ കണ്ടെത്തിയിരുന്നു.

click me!