ദേശീയപാത അതോറിറ്റി അഴിമതി; വമ്പൻമാരെ രക്ഷിക്കാൻ സിബിഐ ശ്രമമെന്ന് ആരോപണം

Web Desk |  
Published : Apr 17, 2018, 07:04 PM ISTUpdated : Jun 08, 2018, 05:51 PM IST
ദേശീയപാത അതോറിറ്റി അഴിമതി; വമ്പൻമാരെ രക്ഷിക്കാൻ സിബിഐ ശ്രമമെന്ന് ആരോപണം

Synopsis

പ്രമുഖരെ രക്ഷിക്കാൻ നീക്കം നടക്കുന്നു ടാക്സ് ഇന്‍റലിജൻസ് ഓഫീസർ അയച്ച കത്തിലെ വിവരങ്ങള്‍ പുറത്ത്

ദില്ലി:  ദേശീയപാത കോൺട്രാക്ടുകളുമായി ബന്ധപ്പെട്ട കോടികളുടെ അഴിമതി സംബന്ധിച്ച അന്വേഷണത്തിൽ സിബിഐ അനാസ്ഥ വരുത്തുന്നെന്ന് ആരോപണം. കോൺട്രാക്ടുകൾ നേടുന്നതിനായി അതോറിറ്റി അധികൃതർക്ക് വൻതുക കൈമാറിയെന്ന് സമ്മതിച്ച സിഡിഎം സ്മിത്ത് എന്ന അമേരിക്കൻ കന്പനി ഉൾപ്പെട്ട കേസുകളിൽപെട്ട പ്രമുഖരെ രക്ഷിക്കാൻ നീക്കം നടക്കുന്നുവെന്നാണ് ആരോപണം. കേന്ദ്രവിജിലൻസ് കമ്മീഷനും പ്രധാനമന്ത്രിയുടെ ഓഫീസിനും ഒരു മുതി‍ർന്ന ടാക്സ് ഇന്‍റലിജൻസ് ഓഫീസർ അയച്ച കത്തിലെ വിവരങ്ങളെ ഉദ്ധരിച്ച് ദി വയർ വെബ്സൈറ്റാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. 

2015ൽ മുതൽ സിഡിഎം സ്മിത്ത് കേസിന്‍റെ അന്വേഷണവുമായി ബന്ധമുള്ള ഉദ്യോഗസ്ഥനാണ് കത്തെഴുതിയിരിക്കുന്നതെന്നും വെബ്സൈറ്റ് പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു. സിഡിഎം സ്മിത്ത് കേസിന് പുറമെ ദേശീയ പാത അതോറിറ്റിയുമായി ബന്ധപ്പെട്ട് അഴിമതി നടന്ന മറ്റ് പല കേസിലും സമാനഅവസ്ഥയാണുള്ളതെന്നും റിപ്പോർട്ടിലുണ്ട്. ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥർക്ക് പുറമെ ഡയറക്ടർ ജനറൽ ഓഫ് സെൻട്രൽ എക്സൈസ് ആന്‍റ് ഇന്‍റലിജൻസിലെ (നിലവിൽ ജിഎസ്ടിഐ)  ഉദ്യോഗസ്ഥരും സംശയത്തിന്‍റെ നിഴലിൽ ഉള്ള കേസുകളാണിത്.

ബോസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഡിഎം സ്മിത്ത് കമ്പനിയും കമ്പനിയുടെ ഇന്ത്യൻ വിഭാഗമായ സിഡിഎം സ്മിത്ത് ഇന്ത്യ ലിമിറ്റഡും ദേശിയപാതാ അതോറിറ്റി ഉദ്യോഗസ്ഥർക്ക് വൻതോതിൽ കൈക്കൂലി നൽകിയിരുന്നുവെന്നാണ് ആരോപണം.  2011 മുതൽ നേടിയ 33 കൺസൽട്ടൻസി കരാറുകളിൻമേലാണ് അന്വേഷണം നടക്കുന്നത്. അമേരിക്കൻ ഡിപ്പാർട്ടമെന്‍റ് ഓഫ് ജസ്റ്റിസിന്‍റെ  ക്രിമിനൽ വിഭാഗവും അന്വേഷണം നടത്തിയിരുന്നു. ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 1.2 മില്യൺ അമേരിക്കൻ ഡോളർ കൈക്കൂലി നൽകിയതായി കന്പനി തന്നെ കഴിഞ്ഞ വർഷം ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റിൽ സമ്മതിച്ചു. 

തുടർന്ന് അമേരിക്കൻ അധികൃതർ ഇക്കാര്യം ഇന്ത്യൻ അധികൃകതരെയും അറിയിച്ചു. ആരോപണങ്ങളിലെ സത്യാവസ്ഥ അന്വേഷിക്കാൻ ചീഫ് വിജിലൻസ് കമ്മീഷൻ മൂന്നംഗ പ്രത്യേക സമിതിയെയും നിയമിച്ചു. അലോക് രഞ്ജൻ, ഗരിമ ഭട്നഗർ, എസ്.പി ഗൗതം എന്നിവർ ചേർന്ന് നടത്തിയ അന്വേഷണം വൻഅഴിമതിയിലേക്കാണ് വിരൽ ചൂണ്ടിയത്. ഇല്ലാത്ത സബ് കരാരുകാരെ ഉൾപ്പെടുത്തി വൻതോതിൽ നികുതി കൊള്ളയടിച്ച ശേഷം ആ പണം കോൺട്രാക്ടുകൾക്ക് കൈക്കൂലിയായി നൽകിയെന്നായിരുന്നു കണ്ടെത്തൽ.  കൂടുതൽ അന്വേഷണങ്ങൾക്കായി പ്രത്യേക അന്വേഷണ സംഘം 2017 അവസാനത്തോടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സിബിഐക്ക് കൈമാറി. 

2018 ലാണ് സിബിഐ കേസിൽ എഫ്ഐആർ ഇട്ട് അന്വേഷണം തുടങ്ങിയത്.  എന്നാൽ അഴിമതിയിൽ ഉൾപ്പെട്ടവർക്ക് രക്ഷപ്പെടാൻ തക്ക പഴുതുള്ളതാണ് സിബിഐയുടെ എഫ്ഐആർ എന്ന് ചൂണ്ടിക്കാട്ടിയാണ് മുതി‍ർന്ന ടാക്സ് ഇന്‍റലിജൻസ് ഓഫീസർ പ്രധാനമന്ത്രിയുടെ ഓഫീസിനും സിവിസിക്കും കത്ത് അയച്ചിരിക്കുന്നത്.  അഴിമതി പണം എത്തിയത് നികുതിവെട്ടിപ്പ് വഴിയാണെന്ന് തെളിഞ്ഞിട്ടും ഡിജിസിഇഐ ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച് എഫ്ഐആർ മൗനം പാലിക്കുന്നുവെന്നാണ് പ്രധാന ആരോപണം.

സിഡിഎം സ്മിത്ത് കമ്പനിക്ക് പുറമെ വേറെ പല കമ്പനികളും സമാനമാർഗത്തിൽ കോടികളുടെ ടാക്സ് വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ദി വയറിന്‍റെ റിപ്പോർട്ട് പറയുന്നു. ലൂയിസ് ബെർഗർ ഗ്രൂപ്പ് , ദ യുആർഎസ് സ്കോട്ട് വിൽസൺ ഗ്രൂപ്പ് പോലെയുള്ള വന്പൻമാർക്കെതിരെയും നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട ഇന്ത്യൻ ഏജൻസികളുടെ അന്വേഷണം നടന്നിട്ടുണ്ട്. ഈ അന്വേഷണങ്ങളും കൃത്യമായ നിഗമനങ്ങളിലെത്താതെ അവസാനിച്ചതിലും ദുരൂഹതയുണ്ടെന്നാണ് ആരോപണം.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉമ്മന്‍‌ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ; വിശദീകരണം തേടി ഹൈക്കോടതി, 'പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് തടസ്സമില്ല'
ഡി മണിയ്ക്ക് പിന്നിൽ ഒട്ടേറെ ദുരൂഹതകൾ; അന്വേഷണ സംഘത്തെ കുഴക്കുന്നത് നിസ്സഹകരണം, രാജ്യാന്തര ലോബിയെ കുറിച്ചും ചോദ്യം ചെയ്യും