ആഗോള സൈബര്‍ ആക്രമണം ഇന്ത്യയെയും ബാധിച്ചു; സംസ്ഥാനത്തും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

By Web DeskFirst Published May 13, 2017, 1:15 PM IST
Highlights

ലോകമെങ്ങുമുള്ള കമ്പ്യൂട്ടറുകള്‍ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണം ഇന്ത്യയെയും ബാധിച്ചു. നൂറോളം ലോകരാജ്യങ്ങളിലെ ദേശീയ ഏജന്‍സികളുടെ കമ്പ്യൂട്ടര്‍ ശൃംഘലകളടക്കം ആക്രമിക്കപ്പെട്ടു. ഇന്ത്യയില്‍ ആന്ധ്രാപ്രദേശ് പൊലീസ് വകുപ്പിന്റെ കംപ്യൂട്ടര്‍ ശൃംഖലയാണ് പ്രധാനമായും ആക്രമിക്കപ്പെട്ടത്. സൈബര്‍ ലോകം ഇന്നുവരെ കണ്ടതില്‍വച്ച് ഏറ്റവും വലിയ വൈറസ് ആക്രമണങ്ങളിലൊന്നാണിത്.  സൈബർ ആക്രമണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അപരിചിതമായ ലിങ്കുകൾ, സംശയാസ്പദമായ ഇ- മെയിലുകൾ, അവയിലെ അറ്റാച്ച്മെന്റുകൾ എന്നിവ തുറക്കാതെ നോക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി.

റാന്‍സംവെര്‍ ഇന്‍ഫെക്ഷന്‍ എന്നറിയപ്പെടുന്ന ആക്രമണമാണ് നടന്നത്. ഫയലുകള്‍ രഹസ്യകോഡുകളിലേക്ക് എന്‍ക്രിപ്റ്റ് ചെയ്തശേഷം തിരികെ കിട്ടാന്‍ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമയക്കുകയാണ് ഈ സൈബര്‍ ആക്രമണത്തിന്റെ രീതി. ആക്രമണത്തിനിരയായ അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി തയ്യാറാക്കിയ പ്രോഗ്രാം, ഷാഡോ ബ്രോക്കേഴ്‌സ് എന്നറിയപ്പെടുന്ന കുപ്രസിദ്ധരായ ഹാക്കര്‍ സംഘം മോഷ്‌ടിച്ച് സൈബര്‍ ആക്രമണത്തിന് ഉപയോഗിക്കുകയായിരുന്നു. റാന്‍സംവെര്‍ വൈറസിന്‍റെ ആക്രമണം നേരത്തേ കണ്ടുതുടങ്ങിയെങ്കിലും ഇത്തരത്തില്‍ വ്യാപകമായി സംഘടിത ആക്രമണം നടക്കുന്നത് ഇതാദ്യമാണ്. ബ്രിട്ടനിലെ ആശുപത്രികള്‍, സ്‌പാനിഷ് വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ കമ്പ്യൂട്ടര്‍ ശൃംഘലകള്‍ മുതല്‍ യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് വരെ ആക്രമിക്കപ്പെട്ടു. ആരോഗ്യമേഖലയെയാണ് ആക്രമണം ഏറ്റവും കൂടുതല്‍ ബാധിച്ചത്. കമ്പ്യൂട്ടര്‍ ശൃഖല തകരാറിലായതിനെത്തുടര്‍ന്ന് ബ്രിട്ടനിലും അമേരിക്കയിലും അടിയന്തരസ്വഭാവമുള്ള നിരവധി ശസ്‌ത്രക്രിയകള്‍ പോലും മാറ്റിവയ്‌ക്കേണ്ടിവന്നു. 

ഇന്ത്യയില്‍ ഹൈദരാബാദ് പൊലീസിന്റെ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടു. ചിറ്റൂര്‍, കൃഷ്ണ, ഗുണ്ടൂര്‍, വിശാഖപട്ടണം, ശ്രീകാക്കുളം എന്നീ ജില്ലകളിലെ 18 യൂണിറ്റുകളിലാണ് ആക്രമണം ഉണ്ടായത്. വിന്‍ഡോസ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിച്ചിരുന്ന കംപ്യൂട്ടറുകളാണ് ആക്രമിക്കപ്പെട്ടത്. എന്നാല്‍ വിവരങ്ങള്‍ വിവിധ തലങ്ങളില്‍ സുക്ഷിക്കപ്പെടുന്നത് കൊണ്ട് അവ വീണ്ടെടുക്കാന്‍ കഴിയുമെന്ന് ഉന്നത ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചു. പൊലീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ ആക്രമണം ഉണ്ടായിട്ടില്ല. എഫ്.ഐ.ആര്‍ അടക്കമുള്ള നിര്‍ണ്ണായക രേഖകളുടെയെല്ലാം ഓണ്‍ലൈന്‍ റെക്കോര്‍ഡുകളും സൂക്ഷിക്കുന്നതിനാല്‍ സൈബര്‍ ആക്രമണം കൊണ്ട് വലിയ നഷ്ടം ഉണ്ടാവില്ല. തെലുങ്കാന ഉള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നൊന്നും സമാനമായ സംഭവങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

അമേരിക്ക, റഷ്യ, സ്‌പെയിന്‍, ഇറ്റലി, പോര്‍ച്ചുഗല്‍ തായ്‍വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം റാന്‍സംവെര്‍ ആക്രമണത്തിന്റെ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സ്‌പാനിഷ് ടെലകോം കമ്പനിയായ ടെലഫോണിക, വൈദ്യുതിവിതരണ ഏജന്‍സി ഇവര്‍ഡോള എന്നിവയുടെ പ്രവര്‍ത്തനത്തെ വൈറസ് ആക്രമണം ഗുരുതരമായി ബാധിച്ചു. പോര്‍ച്ചുഗല്‍ ടെലകോം കമ്പനി ഫെഡക്‌സ്, റഷ്യന്‍ മൊബൈല്‍ ഫോണ്‍ നെറ്റ്‍വര്‍ക്ക് മെഗാഫോണ്‍ എന്നിവയുടെ പ്രവര്‍ത്തനത്തെയും റാന്‍സംവെര്‍ ബാധിച്ചു.  ആന്റി വൈറസ് നിര്‍മ്മാണ കമ്പനിയായ അവാസ്റ്റ് മാത്രം 75,000 വൈറസ് ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 99 രാജ്യങ്ങളിലെ കമ്പ്യൂട്ടര്‍ നെറ്റ്‍വര്‍ക്കുകളില്‍ ആക്രമണം ഉണ്ടായി എന്നാണ് ഇതുവരെയുള്ള വിവരം. ലോകമെങ്ങുമുള്ള സൈബര്‍ സുരക്ഷാവിദഗ്ധര്‍ പ്രശ്നപരിഹാരത്തിനുള്ള കഠിനപരിശ്രമത്തിലാണ്.

 

click me!