
ആലപ്പുഴ: വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയ ആന്ധ്ര സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ആന്ധ്ര സ്വദേശിയായ ചിന്നപ്പൻ(75) ആണ് പിടിയിലായത്. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. വീട്ടുകാർ ബഹളം വച്ചതിനെത്തുടർന്ന് ഓടിയയാളെ നാട്ടുകാർ കൈയോടെ പിടികൂടുകയായിരുന്നു.
പാണാവള്ളി പഞ്ചായത്ത് ആറാംവാർഡിൽ കൃപയിൽ സജീവന്റെ മകനെയാണ് ഇയാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയതായി പരാതി. രാവിലെ അരയൻകാവ് ക്ഷേത്രപ്രദേശത്ത് എത്തിയെന്നു പറയപ്പെടുന്ന ഇയാൾ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പത്തുരൂപ കാട്ടി അടുക്കലേക്കു വിളിക്കാൻ ശ്രമിച്ചു. തലേദിവസം കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ചിത്രങ്ങൾ നവമാധ്യമങ്ങളിൽ വന്നതു പിതാവ് കാട്ടിയിരുന്നതിനാൽ കുട്ടി ഭയപ്പെട്ടു നിലവിളിക്കുകയും നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പൂച്ചാക്കൽ സ്റ്റേഷനിൽ ഏൽപ്പിക്കുകയുമായിരുന്നു.
ഇയാളുടെ പക്കൽനിന്ന് ഒന്‍പതിനായിരം രൂപ, ഉപയോഗിച്ചു കഴിഞ്ഞ നാല് ഐസ്ക്രീം ബോളുകൾ, രണ്ട് ബിങ്കോ, ചവണ, ബ്ലേഡുകൾ, പുതിയ നൂറോളം മുള്ളാണികൾ എന്നിവ ഉണ്ടായിരുന്നു. കഴിഞ്ഞ ഒരാഴ്ച സ്റ്റേഷൻ അതിർത്തിയിൽ നിരവധി വീടുകളിൽ സ്റ്റിക്കർ പതിച്ചതിനെത്തുടർന്നു പരിഭ്രാന്തിയിലായിരുന്നു നാട്ടുകാർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam