താൻ പത്തനംതിട്ട ടൗണിൽ തന്നെ കാണുമെന്നും ചികിത്സാ വീഴ്ചയിൽ ചട്ടപ്രകാരം ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുത്തുവെന്നും ഇനി എന്താണ് ചെയ്യേണ്ടതെന്ന് പ്രതിപക്ഷം പറയുവെന്നും മന്ത്രി വീണ ജോര്‍ജ് തുറന്നടിച്ചു.

പത്തനംതിട്ട: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപിഴവ് അടക്കമുള്ള കാര്യങ്ങളിൽ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ മന്ത്രി വീണ ജോര്‍ജ്. താൻ പത്തനംതിട്ട ടൗണിൽ തന്നെ കാണുമെന്നും ചികിത്സാ വീഴ്ചയിൽ ചട്ടപ്രകാരം ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുത്തുവെന്നും ഇനി എന്താണ് ചെയ്യേണ്ടതെന്ന് പ്രതിപക്ഷം പറയുവെന്നും മന്ത്രി തുറന്നടിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ പത്തനംതിട്ട ടൗണിലുള്ള യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെയാണ് പൊലീസ് അകമ്പടിയോടെ മന്ത്രിയും ഭര്‍ത്താവും വീട്ടിൽ നിന്ന് ഇറങ്ങിയത്. ഡിവൈഎഫ്ഐ,എസ്എഫ്ഐ പ്രവര്‍ത്തകരും സ്ഥലത്തെത്തി. ഇതിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. താൻ തന്‍റെ കാറിൽ തന്നെ പോകുമെന്നും ഒരു പൊലീസ് സന്നാഹവും ആവശ്യമില്ലെന്നും ഡിവൈഎഫ്ഐക്കാര്‍ കൂടെയുണ്ടാകുമെന്നും പ്രതിഷേധത്തിൽ ഭയന്നോടുന്ന ആളെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നത് സാധാരണക്കാരാണ്. സ്വകാര്യ ആശുപത്രികളിലെ ഇത്തരം വീഴ്ചകള്‍ ആരെങ്കിലും റിപ്പോര്‍ട്ട് ചെയ്യുമോ? 600ഓളം പരാതികള്‍ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ വന്നു. കേരളത്തിലെ സ്വകാര്യ ആശുപത്രി കുത്തകള്‍ക്ക് വേണ്ടിയുള്ള സമരമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തുന്നത്. ഏറ്റവും മികച്ച രീതിയിൽ ആരോഗ്യമേഖലയിൽ ചികിത്സാ സംവിധാനങ്ങള്‍ ഈ സര്‍ക്കാര്‍ ഒരുക്കി. എല്ലാ ജില്ലകളിലും മികച്ച സര്‍ക്കാര്‍ ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കി. പത്തനംതിട്ട ജില്ലയിൽ തന്നെ പരിശോധിച്ചാൽ ആശുപത്രികളുടെ സൗകര്യം എത്രത്തോളമാണെന്ന് വ്യക്തമാകും. 

ഇത്രയധികം പ്രവര്‍ത്തനം ആരോഗ്യമേഖലയിൽ ചെയ്യുമ്പോഴും എന്തിനാണ് ഇത്തരം പ്രതിഷേധം? വണ്ടാനം മെഡിക്കൽ കോളേജിലെ വിഷയത്തിൽ ചട്ടപ്രകാരം ആദ്യം സസ്പെന്‍ഷനാണ് നൽകാനാകുന്നത്. അതിനുശേഷം നിയമപ്രകാരമുള്ള നടപടികള്‍ക്കുശേഷം ആവശ്യമെങ്കിൽ സര്‍വീസിൽ നിന്ന് പുറത്താക്കാനാകും. നിസഹായരായിട്ടുള്ള മനുഷ്യര്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ആശുപത്രികള്‍. വണ്ടാനം മെഡിക്കൽ കോളേജിലെ സംഭവം ഏതോകാലത്ത് നടന്നതാണ്. എന്നിട്ടും അന്വേഷണം നടത്തി നടപടിയെടുത്തു. ഇനി എന്താണ് ചെയ്യേണ്ടതെന്ന് പ്രതിപക്ഷം പറയു. വെറെ എന്തെങ്കിലും നടപടി പ്രതിപക്ഷത്തിന് നിര്‍ദേശിക്കാനുണ്ടോ?. എത്രവര്‍ഷം മുൻപത്തെ സംഭവമാണെങ്കിലും നടപടിയെടുത്ത് പോകുമെന്ന ഉദാഹരമാണ് വണ്ടാനത്തെ ശസ്ത്രക്രിയ പിഴവെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

YouTube video player