അങ്കണവാടി; ഇനി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും

By web deskFirst Published May 5, 2018, 10:57 PM IST
Highlights
  • രാവിലെ 7 മുതല്‍ ഒരു മണി വരെയും ഒരു മണി മുതല്‍ വൈകിട്ട് 7 മണി വരെയും ക്ലബ്ബ് ചെയ്ത് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 

കോഴിക്കോട് : സംസ്ഥാനത്തെ വനിത ശിശു വികസന വകുപ്പിന് കീഴിലെ ഐ.സി.ഡി.എസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്കണ വാടികളുടെ പ്രവര്‍ത്തനം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്രമീകരിക്കുന്നു. രാവിലെ 7 മുതല്‍ ഒരു മണി വരെയും ഒരു മണി മുതല്‍ വൈകിട്ട് 7 മണി വരെയും ക്ലബ്ബ് ചെയ്ത് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 

ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ മുഴുവന്‍ ജില്ലാ പ്രോഗ്രാം ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും ഒരു മാതൃക അങ്കണവാടി വീതം നിര്‍മിക്കുന്നതിനായി സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരുന്നു. ഇതുവരെ 119 നിയോജകമണ്ഡലങ്ങളില്‍ മാതൃകാ അംഗണവാടികളുടെ കെട്ടിട നിര്‍മ്മാണം ആരംഭിക്കുകയും അതില്‍ 86 എണ്ണം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. 

ഇങ്ങനെ സ്ഥാപിക്കുന്ന 140 അങ്കണവാടികളിലും ഒരേ പ്രവര്‍ത്തന മാതൃക കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ജില്ലാ പ്രോഗ്രാം ഓഫിസര്‍മാരോട് അങ്കണവാടികളുടെ പ്രവര്‍ത്തനത്തില്‍ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. അതത് ജില്ലകളില്‍ പണിപൂര്‍ത്തിയായ മോഡല്‍ അങ്കണവാടികളില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുത്ത് അതിന്റെ അഞ്ചുമുതല്‍ ഏഴു കിലോമീറ്റര്‍ വരെ ചുറ്റളവിലുള്ള ഒന്നോ രണ്ടോ അംഗനവാടികള്‍ മോഡല്‍ അങ്കണവാടികളിലേക്ക് ക്ലബ്ബ് ചെയ്യുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. 

ക്ലബ്ബ് ചെയ്യുന്ന അങ്കണവാടികളില്‍ വിദ്യാഭ്യാസ യോഗ്യത കൂടുതലുള്ള അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ എന്നിവരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനെ സംബന്ധിച്ചും അങ്കണവാടികളിലേക്ക് കുട്ടികളെ എത്തിക്കുന്നതിന് വാഹന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ സംബന്ധിച്ചും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരോട് ഡയറക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


 

click me!