
ദില്ലി: സിപി ജോൺ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സിപിഐ നേതാവ് ആനിരാജ. കാര്യങ്ങൾ തിരിച്ചറിഞ്ഞ് അത്തരത്തിൽ പ്രവർത്തിക്കുമെന്നാണ് കരുതുന്നതെന്നും പ്രസ്താവന അപലപനീയമെന്നും ആനി രാജ പറഞ്ഞു. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര സർക്കാരിന്റെ ഔദാര്യമോ ഭിക്ഷയോ അല്ല. സ്ത്രീകൾ കൂടുതലായി പദ്ധതി ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് മന്ത്രിയിൽ നിന്ന് ഇത്തരം നിലപാടുകൾ ഉണ്ടാകുന്നത്. എ.പി.എൽ, ബി.പി.എൽ എന്ന രീതിയിലുള്ള യാതൊരുവിധ മാനദണ്ഡങ്ങളും മുന്നോട്ടുവെച്ചിരുന്നില്ല. യാത്രാസൗകര്യങ്ങൾ ജനങ്ങൾക്ക് നൽകാൻ സർക്കാരുകൾ ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടിയ ആനി രാജ പദ്ധതിയുടെ വരുംവരായ്കകളെക്കുറിച്ച് നേരത്തെ കൃത്യമായ പഠനം നടത്തിയിരുന്നില്ല എന്നതിന് തെളിവാണ് പ്രസ്താവനയെന്നും വിമർശിച്ചു. പദ്ധതി പ്രഖ്യാപിച്ച് വോട്ട് നേടിയവരാണെന്നും ആനി രാജ കൂട്ടിച്ചേർത്തു. കെഎസ്ആർടിസി ബസിലെ സൗജന്യ യാത്രയ്ക്കായി തള്ളികയറുന്ന സ്ത്രീകൾ സ്വന്തം മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളിൽ വിടും. ഇവർ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പോകാതെ സർക്കാർ ആശുപത്രികളുടെ വരാന്തകളിൽ കിടക്കുമെന്നായിരുന്നു മന്ത്രിയുടെ പരാമർശം.
പ്രസ്താവനക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഗതാഗത മന്ത്രി സ്ത്രീ വിരുദ്ധ പ്രസ്ഥാവന നടത്തിയെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സിഎസ് സുജാത പ്രതികരിച്ചു. സ്ത്രീകൾക്ക് സൗജന്യം പ്രഖ്യാപിച്ചിട്ട് ബസ്സിൽ തള്ളിക്കയറുന്നു എന്ന് പറയുന്നത് വളരെ മോശമാണ്. അങ്ങേയറ്റം അപലപിക്കുന്നുവെന്നും കേരളമാകെ പ്രതിഷേധം നടത്തുമെന്നും സിഎസ് സുജാത പറഞ്ഞു. സ്ത്രീകളോട് മന്ത്രി മാപ്പ് പറയണമെന്നും സി എസ് സുജാത ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam