ലേക് പാലസ് റിസോര്‍ട്ടിന് മുന്നിലെ മറ്റൊരു നിയമലംഘനം; പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ഉത്തരവ്

By Web DeskFirst Published Jun 19, 2018, 7:27 PM IST
Highlights
  • ലേക് പാലസ് റിസോര്‍ട്ടിന് മുന്നിലെ നിയമലംഘനം
  • മറ്റൊരു നികത്തുകൂടി പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ഉത്തരവ്
  • നാല് കൊല്ലം മുമ്പ് പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ നിര്‍ദ്ദേശിച്ചത്
  • വാര്‍ത്ത ഏഷ്യാനെറ്റ്ന്യൂസ് പുറത്തുകൊണ്ടുവന്നതോടെയാണ് വിഷയം സജീവമായത്
  • സുഭാഷ് തീക്കാടന്‍റെ പരാതിയിലാണ് ഉത്തരവ്

ആലപ്പുഴ: ലേക്പാലസ് റിസോര്‍ട്ടിനു മുന്നിലെ മറ്റൊരു അനധികൃത നികത്തൽ കൂടി പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ആലപ്പുഴ സബ് കലക്ടറുടെ ഉത്തരവ്. വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മ്മാണത്തിന്‍റെ പേരില്‍ റിസോര്‍ട്ടിന് മുന്നില്‍ നികത്തിയ ഭൂമി പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ നാല് വര്‍ഷം മുമ്പ് ഉത്തരവിട്ടെങ്കിലും നടപ്പായിരുന്നില്ല.

ലേക് പാലസ് റിസോര്‍ട്ടിന് മുന്നില്‍ 2013 ലാണ് പാര്‍ക്കിംഗ് സ്ഥലവും അപ്രോച്ച് റോഡും നിര്‍മ്മിക്കാന്‍ അനധികൃതമായി നിലം നികത്തിത്തുടങ്ങിയത്. പ്രദേശവാസികള്‍ പരാതിയുമായി മുന്നോട്ടുവന്നു. അന്ന് ആര്‍ഡിഒയുടെ നേതൃത്വത്തില്‍ മൂന്ന് അനധികൃത നികത്തുകള്‍ ശ്രദ്ധയില്‍പ്പെട്ട് നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്ന് അന്നത്തെ ജില്ലാ കലക്ടര്‍ എന്‍ പത്മകുമാര്‍ പാര്‍ക്കിംഗ് സ്ഥലം ഉള്‍പ്പെടുന്ന കൂറ്റന്‍ നികത്ത് നിയമാനുസൃതമാക്കുകയും ഒന്നും മൂന്നും ചെറിയ നികത്തുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. 

വലിയകുളം സീറോ ജെട്ടി റോ‍ഡിന്‍റെ നിര്‍മ്മാണം കഴിഞ്ഞയുടന്‍ നികത്ത് പൂര്‍വ്വ സ്ഥിതിയിലാക്കാമെന്ന് ബന്ധപ്പെട്ടവര്‍ സമ്മതിക്കുകയും ചെയ്തു. എംപി ഫണ്ട് അനുവദിച്ച് നിര്‍മ്മിച്ച റോഡിന്‍രെ പണി പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഒന്നും ചെയ്തില്ല. തോമസ്ചാണ്ടി നടത്തിയ നിയമലംഘനങ്ങള്‍ ഏഷ്യാനെറ്റ്ന്യൂസ് പുറത്തുകൊണ്ടുവന്നതോടെയാണ് ഈ വിഷയം വീണ്ടും സജീവമായത്. നികത്ത് പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ തയ്യാറാവാത്തതിനെതിരെ ആലപ്പുഴയിലെ അഭിഭാഷകനായ സുഭാഷ് തീക്കാടാന്‍ സബ്കലക്ടര്‍ക്ക് പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ സബ് കലക്ടര്‍ വിആര്‍ കൃഷ്ണ തേജ തെളിവെടുപ്പ് നടത്തി. എന്നാല്‍ റോഡ് പണി പൂര്‍ത്തിയായില്ലെന്ന വിചിത്രവാദമാണ് ലേക് പാലസ് റിസോര്‍ട്ട് കമ്പനി അധികൃതര്‍ തെളിവെടുപ്പിനിടെ മുന്നോട്ട് വച്ചത്. എംപി ഫണ്ട് അനുവദിച്ച റോഡ് നിര്‍മ്മാണം പൂര്‍ത്തിയായി കൊല്ലങ്ങളായെന്നും ഉടന്‍ നികത്ത് പൂര്‍വ്വ സ്ഥിതിയിലാക്കണമെന്ന സുഭാഷ് തീക്കാടന്‍റെ വാദം അംഗീകരിച്ച സബ്കലക്ടര്‍ നെല്‍വയല്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഉത്തരവിടുകയായിരുന്നു.

click me!