
തൃശൂർ: അച്ഛന്‍റെ ഘാതകരെ കൈവിലങ്ങുവെക്കുന്ന കാഴ്ചക്കായി കാത്തിരുന്ന ആ രണ്ട് വയസുകാരിക്ക് ഇന്ന് പ്രായം 18 കഴിഞ്ഞു. 16 വർഷത്തെ കാത്തിരിപ്പ് മതിയാക്കി അവൾ നിയമപോരാട്ടത്തിനിറങ്ങുകയാണ്. കാഞ്ഞാണി തലക്കോട്ടുകരയിലെ ആന്‍റോയെ വീട്ടിൽ നിന്ന് വിളിച്ചിറക്കികൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് മകൾ നിമ്മി പോരാട്ടത്തിനിറങ്ങുന്നത്. പറക്കമുറ്റാത്ത പ്രായത്തിൽ ദുരൂഹതയുടെ ഇരുളിൽ മറഞ്ഞ അച്ഛൻ ഇന്നും നിമ്മിക്ക് കണ്ണീരോർമയാണ്.
ദാരുണ കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ നാൾക്കുനാൾ ഏറുമ്പോഴും അച്ഛൻ ആ പെൺകുട്ടിയുടെ മനസിലെ ഒടുങ്ങാത്ത വിങ്ങലായി അവശേഷിക്കുന്നു. കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതാണ് അച്ഛന് വേണ്ടിയുള്ള ശേഷ ക്രിയയെന്ന് അവൾ ഇന്ന് തിരിച്ചറിയുകയാണ്.
ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച് തുമ്പില്ലാതെ പോയ കേസ് സി.ബി.ഐക്ക് വിട്ടിട്ട് ഒന്നര പതിറ്റാണ്ടോടടുക്കുകയാണ്. ആക്ഷൻ കൗൺസിൽ പ്രക്ഷോഭത്തെ തുടർന്ന് കേസ് സി.ബി.ഐക്ക് കൈമാറിയത്. 2001 നംവംബര്‍ 26നാണ് കുന്നത്തങ്ങാടി കളിക്കാടൻ അന്തോണി ആന്‍റോയെ വീട്ടിൽ നിന്ന് വിളിച്ച് തൃശൂർ പുത്തൻപള്ളിയലേക്ക് എന്നുപറഞ്ഞ് കൊണ്ടു പോയത്.
അന്ന് രാത്രി ആന്റോ വീട്ടിൽ തിരിച്ചെത്തിയില്ല. അടുത്ത ദിവസം ഉച്ചയോട് കൂടി ആന്റോയുടെ ബൈക്കും മൃതദേഹവും കാഞ്ഞാണിയിലെ പെരുമ്പുഴ പാലത്തിനടിയിൽ നിന്നും പുല്ലഴി ചിറമ്മൽ ജേക്കബ് മകൻ ജോസിന്‍റെ സഹായത്തോടെ കണ്ടെടുക്കുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്. കേസന്വേഷണത്തിലെ കാലതാമസവും പോരായ്മകളും പരിഹരിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് നിമ്മിയുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകുമെന്ന് നിമ്മി ജോസ് പറഞ്ഞു. പുതുക്കാട് ജ്യോതി എഞ്ചിനിയറിങ് കോളജിൽ ബിരുദ വിദ്യാർത്ഥിനിയാണ് നിമ്മി.
ദുരൂഹത ഒഴിയാത്ത മരണങ്ങൾ പിറകെ
പിതാവിന്റെ ഘാതകരെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരാൻ ഏത് അറ്റവും പോകുമെന്ന് തേങ്ങലോടെ നിമ്മി റോസ് പറഞ്ഞുനിർത്തുമ്പോഴും അന്വേഷണത്തിനിടയിലെ ദുരൂഹ മരണങ്ങൾ നാടിനെയും ആശങ്കപ്പെടുത്തുന്നതായിരുന്നു. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച് എങ്ങും എത്താതായപ്പോഴാണ് സർവകക്ഷി ആക്ഷൻ കമ്മറ്റിക്ക് രൂപം നൽകിയത്. നിരവധി സമരങ്ങൾ നടത്തി സിബിഐയോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടു. 2005 ഏപ്രിൽ 10നാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുന്നത്.
ഒരാളെ പോലും പിടിക്കൂൻ സി.ബി.ഐക്കായിട്ടില്ല. സി.ബി.ഐയുടെ കുറ്റാന്വേഷണ ചരിത്രത്തില ഏറ്റവും വലിയ വീഴ്ചകളിലൊന്നായാണ് ഇവിടത്തുകാർ ആന്റോ കേസിനെ കാണുന്നത്.സി.ബി.ഐയുടെ മൂന്ന് സംഘങ്ങൾ ഇതിനകം അന്വേഷണം പൂത്തിയാക്കി. ഇപ്പോൾ നാലമത്തെ ടീമാണ് അന്വേഷണം നടത്തുന്നത്.
അതേസമയം, കൊലപാതകത്തിൽ പങ്കുണ്ടെന്ന് ബന്ധുക്കൾ കരുതുന്ന പലരും ദുരൂഹ സാഹചര്യങ്ങളിൽ മരണപ്പെടുന്നതാണ് നാട്ടുകാരെയും ആശങ്കയിലാക്കുന്നത്. 2002 ജനുവരി 16ന് പുല്ലഴി പാടത്ത് ഓട്ടോറിക്ഷയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ ഓട്ടോ ഡ്രൈവർ പുല്ലഴി മേടത്ത് സേതുവാണ് (36) ആന്റോയുടെ കൊലപാതകത്തിനു ശേഷം ദുരൂഹ സാഹചര്യത്തിൽ ആദ്യം കൊല ചെയ്യപ്പെടുന്നത്.
തൃക്കൂർ വിൽസനെ പിന്നീട് തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. തുടർന്നിങ്ങോട്ട് നിരവധി പേർ വ്യത്യസ്ത സമയങ്ങളിൽ മരണപ്പെട്ടു. കേസിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന തിരുവനന്തപുരം പാറശാല കൃഷ്ണകുമാറാണ് ഒടുവിൽ മരണത്തിന് കീഴടങ്ങിയത്.
ബന്ധുക്കൾക്ക് ഭീഷണിയും ഗുണ്ടാ ആക്രമണവും
ആന്റോ കൊലക്കേസിന്‍റെ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനിടെ വീട്ടുകാർക്കും സഹോദരങ്ങൾക്കും നേരെ ഗുണ്ട ആക്രമണം ഉണ്ടായി. പ്രതികളിൽ ഒരാളെ ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചത് അന്വേഷണ ഉദ്യോഗസ്ഥർ തന്നെയാണെന്നത് ബന്ധുക്കളെ അസ്വസ്ഥരാക്കി. മകന്‍റെ ഘാതകരെ കൈയാമംവെക്കുന്നത് കാത്തിരുന്ന ആന്റോയുടെ പിതാവും മാതാവും ഈ കാലയളവിൽ മരണപ്പെടുകയും ചെയ്തു.
രണ്ടര വർഷത്തിനുള്ളിൽ ഏഴ് ഡി.വൈ.എസ്.പിമാർ അന്വേഷണ ഉദ്യോഗസ്ഥരായി മാറി വന്നു. ഒരു സംഘത്തലവനും അന്വേഷണത്തിന്‍റെ അന്തിമ റിപ്പോർട്ട് നൽകിയില്ല. ആദ്യ അന്വേഷണ ഉദ്യോഗസ്ഥൻ അന്ന് ഡി.വൈ.എസ്.പിയായിരുന്ന ഉണ്ണിരാജനായിരുന്നു. ആന്റോയുടെ മരണവും സേതുവിന്‍റെ മരണവും ബന്ധമുള്ളതാണെന്നും ഒന്നിച്ച് ചേർത്ത് അന്വേഷിക്കാനാണ് തീരുമാനമെന്ന് പറഞ്ഞ ഡി.വൈ.എസി.പി രണ്ട് മാസം കൊണ്ട് നിലപാട് മാറ്റുകയായിരുന്നുവെന്ന് സഹോദരൻ ടി പി സെബാസ്റ്റ്യൻ, സഹോദരി ഭർത്താവ് ഇ.കെ ഡേവീസ് എന്നിവർ ആരോപിച്ചു.
ഡി.വൈ.എസ്.പി ഗോപിനാഥ് ഒഴികെ ഒരു അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും നീതി ലഭിച്ചില്ലെന്നും ഇവർ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരും നേതാക്കളുമെല്ലാം ചേർന്ന് രൂപീകരിച്ച് ആക്ഷൻ കമ്മിറ്റിയും നിർജീവമാണ്. സത്യം എന്താണെന്ന് കേസ് അന്വേഷിച്ച പൊലീസിനും സിബിഐക്കും അറിയാം. എന്നിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നെന്നാണ് കുടുംബത്തിന്‍റെ ആക്ഷേപം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam