
കണ്ണൂര്‍: എട്ടിക്കുളത്ത് ജുംഅ നമസ്കാരം തടഞ്ഞതിനെത്തുടര്‍ന്ന് സംഘര്‍ഷവും ലാത്തി വീശലും. എ.പി വിഭാഗം സുന്നികളുടെ പള്ളിയില്‍ പുതുതായി ജുംഅ തുടങ്ങാനുള്ള നീക്കം മറുവിഭാഗം തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. സംഘര്‍ഷമുണ്ടാക്കിയവരെ പൊലീസെത്തി അറസ്റ്റ് ചെയ്ത നീക്കിയ ശേഷമാണ് ചടങ്ങുകള്‍ നടന്നത്.
എട്ടിക്കുളത്തെ താജുല്‍ ഉലമ മഖാമില്‍ പുതുതായി വെള്ളിയാഴ്ച്ച നമസ്കാരമായ ജുംഅ തുടങ്ങാനുള്ള ശ്രമം നിലവിലുള്ള പള്ളിയിലെ വിശ്വാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച തടസ്സപ്പെട്ടിരുന്നു. ഇതോടെ ഇത്തവണ പൊലീസ് കാവലേര്‍പ്പെടുത്തി. പക്ഷെ ഇന്നും തടയാന്‍ ആളുകളെത്തി. സ്‌ത്രീകളടക്കമുള്ളവര്‍ പള്ളിക്കുള്ളില്‍ കയറി ബഹളം വെച്ചു. ഇവര്‍ പുറമെ നിന്ന് എത്തിയവരെ തടയുകയും ചെയ്തു. പള്ളിക്കുള്ളിലെ വാക്കേറ്റം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ഇടപെട്ടു. ജുംഅ തടയാന്‍ പള്ളിക്കുള്ളില്‍ കയറിയവരെ അറസ്റ്റ് ചെയ്ത് നീക്കി.
പ്രദേശത്ത് പരമ്പരാഗതമായ പള്ളി നിലനില്‍ക്കെ പുതുതായി ജുംഅ തുടങ്ങാനുള്ള നീക്കം വിഭാഗീയതക്കുള്ള ശ്രമമാണെന്നാണ് തടയാനെത്തിയവരുടെ വാദം. ആചാരങ്ങള്‍ തെറ്റിച്ചാണ് ഇതെന്നും ഇവര്‍ വാദിക്കുന്നു. ബഹളമുണ്ടാക്കിയവരെ മുഴുവന്‍ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ജുംഅ നടന്നത്. വിഭാഗീയതക്കുള്ള ശ്രമമല്ലെന്നും പുറമെ നിന്നുള്ള വിശ്വാസികളുടെ സൗകര്യം കണക്കിലെടുത്താണ് ജുംഅക്കുള്ള സൗകര്യം തുടങ്ങുന്നതെന്നും താജുല്‍ ഉലമ മഖാം അധികൃതര്‍ വിശദീകരിക്കുന്നു. സംഘര്‍ഷമൊഴിവാക്കാന്‍ വരും ദിവസങ്ങളിലും ആരാധനയ്‌ക്ക് സംരക്ഷണം നല്‍കാനാണ് പൊലീസ് തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam