
ഡെറാഡൂണ്‍: അക്രമാസക്തമായ സദാചാരഗുണ്ടകളില്‍ നിന്ന് മുസ്ലിം യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി സിഖ് പെലീസുകാരന്‍. ഹിന്ദു പെണ്‍കുട്ടിയോടൊപ്പം ക്ഷേത്രത്തിലെത്തിയ യുവാവിനെതിരെ ആള്‍ക്കൂട്ടം കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇവരില്‍ നിന്ന് യുവാവിനെ രക്ഷപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.
ഉത്തരാഖണ്ഡിലെ രാംനഗറിലാണ് സംഭവം. ഹിന്ദു പെണ്‍കുട്ടിക്കൊപ്പം സംസാരിച്ചതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. ഗിരിരാജാ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ വച്ചാണ് മുസ്ലിം യുവാവും ഹിന്ദു പെണ്‍കുട്ടിയും കണ്ടുമുട്ടിയത്. ഇവര്‍ സംസാരിക്കുന്നത് കണ്ടതോടെ ഒരു കൂട്ടം ആളുകള്‍ ചോദ്യം ചെയ്യാനെത്തി. സംഭവം അറിഞ്ഞ സബ് ഇന്‍സ്പെക്ടര്‍ ഗഗന്‍ദീപ് സിങും സ്ഥലത്തെത്തി. എന്നാല്‍ ജനക്കൂട്ടം പിന്‍വാങ്ങാന്‍ തയ്യാറായില്ല. യുവാവിനെ വിട്ടു നല്‍കാന്‍ ജനക്കൂട്ടം ആവശ്യപ്പെട്ടുവെങ്കിലും യുവാവിനെ ചേര്‍ത്ത് പിടിച്ച ഗഗന്‍ദീപ് സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.
ക്ഷേത്രത്തിന്‍റെ കവാടം അടയ്ക്കുകയും നാട്ടുകാര്‍ ഗഗന്‍ദീപിന്‍റെ അടുത്തു നിന്നു തന്നെ യുവാവിനെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിനിടയില്‍ ഗഗന്‍ദീപിനും പരിക്കേറ്റു. എന്നാല്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച് യുവാവിനെ രക്ഷപ്പെടുത്തി. യുവാവിനെ പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് നിരവധിപേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. സുപ്രിം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഡ്ജു അടക്കമുള്ളവരും ട്വിറ്ററില്‍ അഭിനന്ദനവുമായി എത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam