Latest Videos

ബന്ധുനിയമനം: ഡെ.ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചു

By Web TeamFirst Published Feb 23, 2019, 12:43 PM IST
Highlights

മൂന്ന് മാസമായി ഒഴിഞ്ഞു കിടക്കുന്ന ജനറല്‍ മാനേജര്‍ തസ്തികയിലേക്കാണ് അപേക്ഷ വിളിച്ചിരിക്കുന്നത്. ബിരുദം എംബിഎ അല്ലെങ്കില്‍  ബിടെക് പിജിഡിബിഎ , സിഎ, സി.എസ് ഐസിഡബ്ല്യൂ ആണ് യോഗ്യതയായി ആവശ്യപ്പെട്ടിരിക്കുന്നത്. 

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്‍റെ ബന്ധുനിയമനത്തോടെ  വിവാദത്തിലായ  ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിലെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചു. മന്ത്രി ബന്ധുവിനായി മാറ്റം വരുത്തിയെന്നാരോപണമുയര്‍ന്ന അതേ  യോഗ്യതകളാണ് ഇക്കുറിയും ജനറല്‍ മാനേജര്‍ തസ്തികക്ക് ആവശ്യപ്പെട്ടിരിക്കുന്നത്. 

മൂന്ന് മാസമായി ഒഴിഞ്ഞു കിടക്കുന്ന ജനറല്‍ മാനേജര്‍ തസ്തികയിലേക്കാണ് അപേക്ഷ വിളിച്ചിരിക്കുന്നത്. ബിരുദം എംബിഎ അല്ലെങ്കില്‍  ബിടെക് പിജിഡിബിഎ , സിഎ, സി.എസ് ഐസിഡബ്ല്യൂ ആണ് യോഗ്യതയായി ആവശ്യപ്പെട്ടിരിക്കുന്നത്.  ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ ക്ഷണിച്ചതിനൊപ്പം  മലയാളത്തിലെ വര്‍ത്തമാന പത്രങ്ങളില്‍ പരസ്യം നല്‍കിയിട്ടുണ്ടെന്നും കോര്‍പ്പറേഷന്‍ എംഡി വ്യക്തമാക്കി.ഡപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് നിയമനം. 

സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, അംഗീകൃത ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അംഗീകൃത ധനകാര്യ സ്ഥാപനമെന്നത് ഇക്കുറി കൂട്ടി ചേര്‍ത്തതാണ്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ സീനിയര്‍ മാനേജര്‍ തസ്തികയില്‍ നിന്നാണ് മന്ത്രി ബന്ധു കെടി അദീബ്  ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ഡപ്യൂട്ടേഷനില്‍ നിയമിതനായത്.   സൗത്ത് ഇന്ത്യന്‍ ബാങ്ക് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഗണത്തില്‍ പെടുമെന്നായിരുന്നു കോര്‍പ്പറേഷന്‍റെ വാദം. 

അഭിമുഖത്തിന് പോലും പങ്കെടുക്കാതിരുന്ന മന്ത്രി ബന്ധുവിനെ യോഗ്യരായ 6 പേരെ തഴഞ്ഞ് നിയമനം നടത്തിയെന്നായിരുന്നു പരാതി. മന്ത്രി കെ ടി ജലീലിനെയും,സര്‍ക്കാരിനെയും പിടിച്ചു കുലുക്കിയ വിവാദത്തിനൊടുവില്‍ കഴിഞ്ഞ നവംബര്‍ 11ന് ഒരു മാസം തികയും മുന്‍പേ തസ്തികയില്‍ നിന്ന്  കെ ടി അദീബ് രാജിവച്ചു.  മന്ത്രിക്കെതിരായ  യൂത്ത് ലീഗിന്‍റെ പരാതിയില്‍ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

click me!