ജഡ്ജി നിയമനം; കേന്ദ്രവും സുപ്രീംകോടതിയും തമ്മില്‍ വീണ്ടും കൊമ്പുകോര്‍ക്കുന്നു

By Web DeskFirst Published Nov 18, 2016, 7:12 AM IST
Highlights

ദില്ലി: ജഡ്ജിമാരുടെ നിയമന വിഷയത്തിൽ കേന്ദ്ര സർക്കാരും സുപ്രീം കോടതിയും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. കേന്ദ്ര സർക്കാർ ഒഴിവാക്കിയ ജഡ്ജിമാരെ കൂടി ഉൾപ്പെടുത്തി ജഡ്ജിമാരുടെ പട്ടിക സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് തിരിച്ചയച്ചു. ഹൈക്കോടതി ജഡ്ജിരാരുടെ നിയമനത്തിനായി കൊളീജിയം ശുപാര്‍ശ ചെയ്ത 77 പേരുകളിൽ 43 എണ്ണം ഒഴിവാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയിൽ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

34 പേരുകള്‍ക്ക് സർക്കാർ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. എന്നാൽ ഈ പട്ടിക സുപ്രീംകോടതി അംഗീകരിച്ചില്ല. കേന്ദ്രം ഒഴിവാക്കിയ 43 പേരെ കൂടി ഉൾപ്പെടുത്തി അതേ പട്ടിക സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് തിരിച്ചയച്ചു. നേരത്തെയുള്ള പട്ടികയിൽ ഉറച്ച് നിൽക്കുന്നുവെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍-അനിൽ ആര്‍ ദവെ എന്നിവരുടെ ബെഞ്ച് പട്ടിക തിരിച്ചയച്ചത്.  

പേരുകൾ നിരാകരിച്ച കേന്ദ്രസർക്കാറിന്‍റെ നടപടി​ സുപ്രീംകോടതി തള്ളി. ജഡ്ജിമാരുടെ നിയമനം കേന്ദ്രസര്‍ക്കാര്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയത് വിവാദമായിരുന്നു. ജഡ്ജിമാരുടെ കുറവ് കാരണം കോടതികള്‍ പൂട്ടേണ്ട സാഹചര്യമാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വൈകുന്നതിലെ കടുത്ത എതിര്‍പ്പ് പരസ്യമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജുഡീഷ്യറും കേന്ദ്രസര്‍ക്കാരും നേര്‍ക്കുനേര്‍ വരുന്നത്.

 

click me!