സമരം അവസാനിച്ചു; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

By Web DeskFirst Published Nov 18, 2016, 7:02 AM IST
Highlights

തിരുവനന്തപുരം: സഹകരണമേഖലയെ തകർക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ തിരുവനന്തപുരത്ത് ആ‌ർബിഐക്ക് മുന്നിൽ ഒരു പകൽ നീണ്ട സംസ്ഥാന സർക്കാറിന്റെ സമരം. ജനങ്ങളുടെ മെക്കിട്ട് കയറിയാൽ കയ്യും കെട്ടിയിരിക്കില്ലെന്ന് സമരം നയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാവിലെ സമരത്തിന് തുടക്കമിട്ട മുഖ്യമന്ത്രി വൈകീട്ട് സമാപന പ്രസംഗത്തിൽ ഏറയും വിമർശിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയായിരുന്നു. നോട്ട് പിന്‍വലിച്ച നടപടി ചോര്‍ത്തി നല്‍കിയെന്ന കുമ്മനത്തിന്റെ ആരോപണത്തിന് തെളിവൊന്നും നല്‍കാനില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ സംശയമുള്ളവര്‍ രാജസ്ഥാനിലെ എംഎല്‍‍എയോട് പോയി ചോദിക്കണമെന്നും വ്യക്തമാക്കി.

നോട്ട് പ്രതിസന്ധിയില്‍ സര്‍ക്കാരിനെ സുപ്രീം കോടതി വരെ വിമര്‍ശിക്കുന്ന തലത്തിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രത്തിനെതിരെ യുദ്ധപ്രഖ്യാപനത്തിന് തങ്ങളില്ല. എന്നാല്‍ ജനങ്ങളോടും സഹകരണമേഖലയോടും യുദ്ധം പ്രഖ്യാപിച്ചത് പ്രധാനമന്ത്രിയും കേന്ദ്രസർക്കാരുമാണ്. പ്രധാനമന്ത്രി നല്ല കാര്യങ്ങൾ ചെയ്തപ്പോൾ അത് തുറന്ന് പറഞ്ഞ് അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ജനങ്ങളുടെ മേൽ മെക്കിട്ട് കേറാൻ വന്നാൽ അത് അംഗീകരിക്കില്ലെന്നും പിണറായി പറഞ്ഞു.

ബദൽ സംവിധാനമില്ലാതെ  പ്രചാരമുള്ള നോട്ടുകൾ ഒറ്റയടിക്ക് പിൻവലിച്ചത് സമചിത്തതയില്ലാത്ത നടപടിയാണ്. സഹകരണബാങ്കിൽ നേതാക്കൾക്ക് കള്ളപ്പണമുണ്ടെങ്കിൽ കണ്ടുപിടിക്കാമെന്നും ബിജെപിക്ക് മറുപടിയായി പിണറായി പറഞ്ഞു. നോട്ട് പിൻവലിക്കൽ രാജ്യത്ത് അരാജകത്വമുണ്ടാക്കുമെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സമരം ചെയ്യുന്ന ഇടതുമുന്നണിക്കും പിന്തുണ പ്രഖ്യാപിച്ച യുഡിഎഫിനുമെതിരായ നിലപാട് ബിജെപി ആവർത്തിച്ചു.

click me!