
അര്‍ജന്‍റീനയുടെ റഷ്യയിലെ പ്രകടനമാണോ അതോ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയാണോ കൂടുതല്‍ നിങ്ങളെ ആശങ്കപ്പെടുത്തുന്നത് ?. ഈ ചോദ്യം ഏതെങ്കിലും അര്‍ജന്‍റീനക്കാരനോട് ചോദിച്ചാല്‍ അവരുടെ മറുപടി അര്‍ജന്‍റീനയുടെ റഷ്യയിലെ പ്രകടനമാണ് ഞങ്ങളെക്കൂടുതല്‍ വ്യാകുലപ്പെടുത്തുന്നത് എന്നാവും.
സാമ്പത്തികമായി അര്‍ജന്‍റീന മോശമായ അവസ്ഥയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്‍റെ നയങ്ങളോട് ജനങ്ങള്‍ക്ക് പലവിധ വിയോജിപ്പുകളുണ്ട്. അര്‍ജന്‍റീനയെ ഏറ്റവും കൂടുതല്‍ സമ്പത്തികമായി പരിക്കേല്‍പ്പിച്ചത് രാജ്യത്തിന് പുറത്ത് നിന്ന് ഉയരുന്ന പ്രതിസന്ധികളാണ്. 2017 ഡിസംബര്‍ മുതല്‍ 2018 മെയ് വരെയുളള കാലഘട്ടത്തില്‍ ഡോളറിന്‍റെ കരുത്തില്‍ അര്‍ജന്‍റീനയുടെ ഔദ്യോഗിക നാണയമായ അര്‍ജന്‍റീനിയന്‍ ആസ്ട്രല്‍ വിദേശ മാര്‍ക്കറ്റുകളില്‍ തളര്‍ന്നു. യു എസ് ആസ്ഥാനമായ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ഏജന്‍സി ഗോള്‍ഡ് മാന്‍ സാഷെ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച പരാമര്‍ശങ്ങളുള്ളത്.
സാമ്പത്തിക സ്ഥിതി മോശമായതോടെ രാജ്യം ഐഎംഎഫിന്‍റെ (അന്താരാഷ്ട്ര നാണയ നിധി) സഹായം തേടി. അര്‍ജന്‍റീനയുടെ സാമ്പത്തിക മേഖലയെ സംബന്ധിച്ച് വിപണിയിലെ അപകടനില തരണം ചെയ്യാനും പണപ്പെരുപ്പം ഉയരുന്നതിന് തടയിടാനും വേണ്ടിയായിരുന്നു ഐഎംഎഫിന്‍റെ സഹായം തോടാന്‍ സര്‍ക്കാര്‍ തയ്യാറായത്.
എന്നാല്‍ ഐഎംഎഫ് വിചാരിച്ചാലും പരിഹരിക്കാന്‍ പറ്റാത്ത അനവധി സാമ്പത്തിക പ്രതിസന്ധികള്‍ അര്‍ജന്‍റീനയിലുണ്ട്. ആഭ്യന്തരമായി പുതിയ സാമ്പത്തിക സ്രോതസ്സുകള്‍ തുറന്നുവരാത്തതും, മാക്രോ ഇക്കണോമിക്സിലെ പ്രശ്നങ്ങളുമാണത്. പണപ്പെരുപ്പ സാധ്യത ഓരോ ദിവസവും കൂടിവരുന്നതിനാല്‍ രാജ്യത്തെ പലിശാനിരക്കുകളെയും അത് സാരമായി ബാധിച്ച് തുടങ്ങി. പ്രസിഡന്‍റ് മുറീഷ്യോ മാക്രിയുടെ യാഥാസ്ഥിതികവും നിക്ഷേപക സൗഹാര്‍ദ്ദവും കൂട്ടിക്കുഴച്ചുളള സാമ്പത്തിക നയങ്ങള്‍ക്ക് രാജ്യത്തെ പൂര്‍ണ്ണമായും ശക്തിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴും പുരോഗതി കുറഞ്ഞ, പണപ്പെരുപ്പത്തിന്‍റെ തോത് കൂടിയ, രാഷ്ട്രീയ കാരണങ്ങള്‍ വലുതായി അലട്ടുന്ന രാജ്യമായി തുടരുകയാണ്. അര്‍ജന്‍റീനിയന്‍ കറന്‍സി അനുദിനം തളരുന്നതാണ് ഇപ്പോള്‍ സ്റ്റോക്കുകളിലെ കാഴ്ച്ച.
എന്നാല്‍ ഇന്ന് മുതല്‍ ജൂലൈ 15 വരെ അര്‍ജന്‍റീനക്കാരെ സംബന്ധിച്ച് ഇത്തരം സാമ്പത്തിക കോലാഹലങ്ങളൊന്നും അവര്‍ക്ക് ഒരു പ്രശ്നമേയല്ല. അവരുടെ കണ്ണും കാതും മനസ്സും റഷ്യയിലാവും. മെസ്സിപ്പട ലോകകപ്പുമായാണ് റഷ്യയില്‍ നിന്ന് തിരിച്ച് വരുന്നതെങ്കില്‍ പിന്നെ എല്ലാ പ്രശ്നങ്ങളും മറന്ന് അര്‍ജന്‍റീന ലോകം ഞെട്ടുന്ന രീതിയില്‍ ഒരു വലിയ മഹോത്സവ വേദിയായി മാറും. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്കൊപ്പം വൈകാരികമായിക്കൂടി അര്‍ജന്‍റീന തളരുകയും ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam