
കൊട്ടാരക്കര: ഏനാത്ത് ബെയ്‌ലി പാലം പൂര്‍ണമായി പൊളിച്ചു. സൈന്യത്തിന്റെ എന്‍ജിനീയറിംഗ് വിഭാഗം ഏനാത്തെത്തിയാണ് താത്കാലികമായി നിര്‍മിച്ച ബെയ്‌ലി പാലം പൊളിച്ചത്. അഴിച്ചെടുത്ത ഭാഗങ്ങള്‍ മുഴുവന്‍ ഇന്ന് രാത്രിയോടെ സൈനിക കേന്ദ്രത്തിലെത്തിക്കും.
നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകോടുത്ത് അഞ്ചു മാസത്തിന് ശേഷമാണ് ഏനാത്തെ ബെയ്‌ലി പാലം സൈന്യം പൊളിച്ചുനീക്കിയത്. പഴയ പാലത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ബെയ്‌ലി പാലം അഴിച്ചുമാറ്റുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. കഴിഞ്ഞ 31ന് നവീകരിച്ച പാലം തുറന്നു നല്‍കിയതോടെ ബെയ്‌ലി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിരുന്നു. സൈന്യത്തിന്റ സെക്കന്തരാബാദ് എന്‍ജിനീയറിങ് റെജിമെന്റ് സംഘമാണ് കഴിഞ്ഞ ആഴ്ച ഏനാത്തെത്തി പാലം പൊളിക്കാനുള്ള നടപടികള്‍ തുടങ്ങിയത്. ഒരാഴ്ച കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി. വെള്ളിയാഴ്ചയോടെ തന്നെ പ്രധാന ഭാഗങ്ങളെല്ലാം അഴിച്ചുനീക്കിയിരുന്നു. പാലത്തോട് ചേര്‍ന്ന് സ്ഥാപിച്ച പാനലുകളും സ്പാനുകളുമാണ് ഞായറാഴ്ച വൈകിട്ടോടെ അഴിച്ച് മാറ്റിയത്. അഴിച്ചെടുത്ത ഭാഗങ്ങള്‍ തിരുവനന്തപുരത്തെ സൈനികകേന്ദ്രത്തിലേക്കാണ് മാറ്റുന്നത്. പൊളിക്കാനുള്ള നടപടി തുടങ്ങിയ ശേഷം പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി തുടങ്ങിയവര്‍ ഏനാത്തെത്തി സൈന്യത്തിന് പാലം നിര്‍മിച്ച് നല്‍കിയതിലെ നന്ദി അറിയിച്ചിരുന്നു.
ഏനാത്ത് പാലം ദുര്‍ബലമായതിനെത്തുടര്‍ന്ന് എംസി റോഡിലെ ഗതാഗതം സുഗമമാക്കാനാണ് കഴിഞ്ഞ ഏപ്രിലില്‍ ബെയ്‌ലി പാലം നിര്‍മിച്ചത്. നവീകരിച്ച പാലം ഗതാഗതത്തിന് തുറന്നു നല്‍കിയതോടെ ബെയ്‌ലി പാലവും ചരിത്രത്തിന്റെ ഭാഗമായി മറയുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam