
തിരുവനന്തപുരം: മിലിട്ടറി ഫാം ഒഴിപ്പിക്കുന്നതിനോട് അനുബന്ധിച്ച് കേന്ദ്ര സേന വിൽക്കാനൊരുങ്ങുന്ന പശുക്കളെ വാങ്ങാൻ തയ്യാറായി കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്ത് പദ്ധതി നടപ്പിൽ വരുത്താനുള്ള നീക്കങ്ങൾ ആരംഭിച്ചതായി മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ പി കെ സദാനനന്ദൻ ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഒരു പശുവിന് ആയിരം രൂപയെന്ന കണക്കിൽ ആയിരത്തി അഞ്ഞൂറ് പശുക്കളെയാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത്. ഈ പദ്ധതിയിലെ ഉപഭോക്താക്കളെ തീരുമാനിച്ചിട്ടില്ല.
പ്രധാനമായും പ്രളയ ബാധിത മേഖലകളിലെ ജനങ്ങളെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്താനുദ്ദേശിക്കുന്നത്. കേരളത്തിലെ പ്രളയബാധിത മേഖലകളിലെ നിരവധി ആളുകൾക്ക് കന്നുകാലികളും കന്നുകുട്ടികളും നഷ്ടമായിട്ടുണ്ട്. ഇവരെ സഹായിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. കേന്ദ്ര സർക്കാരിൽ നിന്ന് അനുകൂലമായ മറുപടി ലഭിച്ചാൽ പദ്ധതി നടപ്പിൽ വരുത്തുന്നതിനുള്ള മറ്റ് നടപടികളിലേക്ക് കടക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ പറഞ്ഞു. ഈ പദ്ധതിയുടെ നടപടിക്രമങ്ങൾക്ക് വേണ്ടി വെറ്റിനറി സർവ്വകലാശാല വിദഗ്ധർ ഉൾപ്പെട്ട സമിതി രൂപീകരിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam