ആസ്സാമിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ മൂന്ന് സന്യാസിമാരെ  സൈന്യം രക്ഷപ്പെടുത്തി

By Web DeskFirst Published Jul 6, 2018, 7:45 PM IST
Highlights
  • രണ്ട് മാസത്തിനിടയിൽ ഇരുപതോളം പേരാണ് വിവിധ സംസ്ഥാനങ്ങളിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരകളായി കൊല്ലപ്പെട്ടത്
  • സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പ്രചരണ​ങ്ങളാണ് കൊലയുടെ അടിസ്ഥാനം

​ഗുവാഹത്തി: ആസ്സാമിലെ മാഹുർ ജില്ലയിൽ ആൾക്കൂട്ടം ആക്രമിക്കാനൊരുങ്ങിയ മൂന്ന് സന്യാസിമാരെ സൈന്യം രക്ഷപ്പെടുത്തി. കുട്ടികളെ തട്ടിയെടുക്കുന്നവരെന്ന് സംശയിച്ചാണ് ആൾക്കൂട്ടം ഇവരെ ആക്രമിക്കാനൊരുമ്പെട്ടത്. എന്നാൽ തക്കസമയത്ത് സൈന്യം അവിടെയെത്തിയത് കൊണ്ട് ഇവരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു. രാജ്യത്തെ പല സംസ്ഥാനങ്ങളും വാർത്തകളിൽ നിറയുന്നത് ആൾക്കൂട്ട അതിക്രമങ്ങളുടെ പേരിലാണ്. കഴിഞ്ഞ ദിവസം ഉത്തർപ്രേദേശിൽ അഞ്ചുപേരെയാണ്  കുട്ടികളെ തട്ടിയെടുക്കാൻ വന്നവരെന്ന് സംശയിച്ച് നിർദ്ദയം തല്ലിക്കൊന്നത്. അതിന് മുമ്പ് ആസ്സാമിൽ രണ്ട് യൂവാക്കളെ ജനക്കൂട്ടം ആക്രമിച്ചു കൊന്നിരുന്നു. ഈ കൊലപാതകങ്ങളുടെയെല്ലാം അടിസ്ഥാനം സോഷ്യൽ മീഡിയയിൽ പ്രചരിച്ച സന്ദേശങ്ങളായിരുന്നു. 

26 നും 31 നും മധ്യേ പ്രായമുള്ള മൂന്ന് സന്യാസികൾ ​ഗുവാഹത്തിയിൽ നിന്നും 250 കിലോമീറ്റർ ദൂരമുള്ള മാഹൂർ ജില്ലയിൽ എത്തിയതായിരുന്നു. കാറിലായിരുന്നു ഇവർ യാത്ര ചെയ്തിരുന്നത്. കാർ തടഞ്ഞു നിർത്തി സന്യാസിമാരെ ജനക്കൂട്ടം ചോദ്യം ചെയ്യാനാരംഭിച്ചു. കൂടുതൽ ആളുകൾ‌ ഇവിടേയ്ക്ക് എത്തിത്തുടങ്ങിയപ്പോൾ പ്രദേശവാസികളിൽ ചിലർക്ക് അവരുടെ വാക്കുകളിൽ വിശ്വാസം തോന്നി. കാരണം ഇതേ പോലെ കാറിൽ സഞ്ചരിച്ചിരുന്ന യുവാക്കളെ ആൾക്കൂട്ടം ചോദ്യം ചെയ്ത് തല്ലിക്കൊന്നിരുന്നു. ഉത്തർപ്രദേശിലെ കർബി അങ്കലോങ്ങിലായിരുന്നു ഈ സംഭവം.സൈന്യത്തെ വിവരമറിയിച്ചതിനെത്തുടർന്ന് അവരെത്തി സന്യാസിമാരെ രക്ഷപ്പെടുത്തുകയായിരുന്നു

രണ്ടു മാസത്തിനിടെ ഏകദേശം ഇരുപത് പേരാണ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ ദൂലെ ​ഗ്രാമത്തിൽ അഞ്ചുപേരെ ആൾക്കൂട്ടം തല്ലിക്കൊന്നിരുന്നു. സിറിയയിൽ കൊല്ലപ്പെട്ട അഞ്ചു  വയസ്സുകാരി പെൺകുട്ടിയുടെ ഫോട്ടായാണ് തെറ്റിദ്ധാരണ പരത്തി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കുട്ടികളെ അവയവം മോഷ്ടിക്കുന്നതിനായി തട്ടിയെടുത്തു കൊലപ്പെടുത്തി എന്നാണ് ഈ ചിത്രത്തിന്റെ തലക്കെട്ട്. 
 

click me!