
വിനായകൻ നായകനായി എത്തുന്ന കരിന്തണ്ടന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററായിരുന്നു ഇന്നലെ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. കേരളത്തിലെ ആദ്യ ആദിവാസി സംവിധായികയായ ലീല സന്തോഷ് ആണ് ചിത്രത്തിന്റെ സംവിധായിക. രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ് വൺ നിർമ്മാണക്കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. എന്നാൽ ചരിത്രദൗത്യമായ ഈ സിനിമയിൽ ആദ്യം മനസ്സിലെത്തിയ കരിന്തണ്ടന്റെ രൂപം വിനായകന്റേതായിരുന്നില്ല, കലാഭവൻ മണിയുടേതായിരുന്നു എന്ന് സംവിധായിക ലീല സന്തോഷ്. ''ശരീര പ്രകൃതവും സാദൃശ്യവും വച്ച് നോക്കിയാൽ മണിച്ചേട്ടനായിരുന്നു ഏറ്റവും യോജിച്ച ആൾ എന്നെനിക്ക് തോന്നിയിരുന്നു.'' പിന്നീടാണ് വിനായകന്റെ രൂപം മനസ്സിലേക്ക് എത്തിയതെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. വിനായകന്റെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലായിരിക്കും കരിന്തണ്ടൻ എന്ന് കരുതപ്പെടുന്നു.
ബ്രിട്ടീഷുകാർക്ക് വയനാടൻ ചുരം നിർമ്മിക്കാനുള്ള പാത കാണിച്ചുകൊടുത്തത് കരിന്തണ്ടനായിരുന്നു. പണിയ സമുദായത്തിന്റെ മൂപ്പനായിരുന്ന കരിന്തണ്ടനെ ബ്രിട്ടീഷുകാർ ചതിച്ചു കൊലപ്പെടുത്തുകയായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ വയനാടാവും സിനിമയുടെ പശ്ചാത്തലമെന്നും ഫസ്റ്റ് ലുക്കില്‍ പറയുന്നു. മറ്റ് അണിയറക്കാരുടെയോ അഭിനേതാക്കളുടെയോ വിവരങ്ങള്‍ കളക്ടീവ് ഫേസ് വണ്‍ പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ഷൂട്ട് ഡിസംബറില്‍ തുടങ്ങും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam