പെണ്‍ പുലിയെ വെടിവെച്ചു കൊന്നയാളെ ആണ്‍ പുലി കടിച്ചു കൊന്നു, രണ്ടാം പ്രതി പിടിയില്‍

By Web DeskFirst Published Jun 19, 2016, 6:16 PM IST
Highlights

സീതത്തോട് സ്വദേശി കേഴ ബേബിയെ പുലി കടിച്ചു കൊന്ന സംഭവത്തിന്റെ ചുരുളഴിയുന്നു. നായിട്ടിനിടെ ബേബിയും സംഘവും കൊലപ്പെടുത്തിയ പെണ്‍പുലിയുടെ ഇണയാണ് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വനത്തിനുള്ളില്‍ വെച്ച് ബേബിയെ കടിച്ചു കൊന്നതെന്നാണ് അന്ന് ഒപ്പമുണ്ടായിരുന്ന അയസ് തമ്പി എന്ന് വിളിക്കുന്ന തമ്പി വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 2നാണ് പുലിയുടെ ആക്രമണത്തില്‍ ബേബി കൊല്ലപ്പെട്ടത്‌.

വ്യാഴാഴ്‌ച പുലര്‍ച്ചെ പാലത്തടിയാര്‍ കലുങ്കിനു സമീപം സംശയാസ്‌പദമായ രീതിയില്‍ കണ്ട തമ്പിയെ വനപാലകര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്‍തപ്പോഴാണ് പുലിയെ കൊന്ന കേസിലെ പ്രതിയാണെന്ന് മനസ്സിലായത്.

തമ്പിയും ബേബിയും ഉള്‍പ്പെട്ട നാലംഗ സംഘം പാലത്തടിയാര്‍ ഭാഗത്ത് കാട്ടില്‍ വാറ്റുന്നതിനിടെയായിരുന്നു പുലി വന്നത്. പുലിയെ  ബേബി വെടിവെച്ചു കൊല്ലുകയായിരുന്നു. തുടര്‍ന്ന് പുലിയുടെ മാംസം ഇവര്‍ എടുക്കുകയും അവശിഷ്‍ടങ്ങള്‍ കത്തിച്ചുകളയുകയുമായിരുന്നു. പുലിത്തോല്‍ ബേബി കൊണ്ടുപോകുകയും ചെയ്തു. മൂന്നുദിവസം കഴിഞ്ഞ് പുലര്‍ച്ചെ വീണ്ടും വനത്തിലെത്തിയ ഇവര്‍ ചാരായം‍ വാറ്റിക്കൊണ്ടിരിക്കുമ്പോഴാണ് ബേബിയെ പുലി ആക്രമിക്കുന്നത്. മറ്റുള്ളവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് പുലി ബേബിയെ വിട്ട്  കാട്ടില്‍ മറയുകയായിരുന്നു. വാറ്റു സംഘത്തിലുണ്ടായിരുന്നവര്‍ ബേബിയെ വനാതിര്‍ത്തിയിലെത്തിക്കുകയും സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്‍തിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പേ ബേബി മരണത്തിന് കീഴടങ്ങി. കൊല്ലപ്പെട്ട പുലിയുടെ ഇണയാണ് ബേബിയെ കൊന്നതെന്നാണ് അയസ് തമ്പി ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്.

റേഞ്ച്‌ ഓഫീസര്‍ കെ.എ. സാജുവിന്റെ നേതൃത്വത്തില്‍ പ്രതിയെയും കൊണ്ട് തെളിവെടുപ്പ്‌ നടത്തി. പ്രതിയെ പിന്നീട് റാന്നി കോടതി റിമാന്‍ഡ്‌ ചെയ്‌തു. കേസിലെ പ്രതികളായ രണ്ടുപേരെ കൂടി ഉടന്‍ പിടികൂടുമെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു. പുലിയെ വെടിവെയ്‌ക്കാന്‍ ഉപയോഗിച്ച തോക്കും പുലിത്തോലും കണ്ടെടുക്കാനുണ്ട്.

click me!