കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിയെ വെർച്വൽ അറസ്റ്റ് തട്ടിപ്പിന് ഇരയാക്കാൻ ശ്രമം. പഹൽഗാം തീവ്രവാദ ആക്രമണവുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ് ശ്രമം. തീവ്രവാദ വിരുദ്ധ സേനയെന്ന പേരിൽ എംഎൽഎയെ വിളിച്ചത് മുംബൈയിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തി.

പാലക്കാട്: കോങ്ങാട് എംഎൽഎയെ വെർച്ചൽ അറസ്റ്റ് തട്ടിപ്പിന് ഇരയാക്കാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. തീവ്രവാദ വിരുദ്ധ സേന എന്ന പേരിൽ എംഎൽഎയെ വിളിച്ചത് മുംബൈയിൽ നിന്നാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. തിരുവനന്തപുരത്തെ സൈബർ സെൽ ഹെഡ് ക്വാട്ടേഴ്സ് ഇൻസ്പെക്ടർ എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ വ്യക്തിയും മുംബൈയിൽ നിന്നാണ് വിളിച്ചത്. പ്രതികളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് സൈബർ പോലീസ്. സംഭവത്തിൽ കെ ശാന്തകുമാരി എംഎൽഎ നൽകിയ പരാതി പാലക്കാട് ജില്ലാ സൈബർ പൊലീസാണ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വെർച്വൽ അറസ്റ്റ് തട്ടിപ്പിനുള്ള ശ്രമം നടന്നതായി എംഎൽഎ വ്യക്തമാക്കിയത്. പഹൽഗാം തീവ്രവാദ ആക്രമണത്തിൽ ഉൾപ്പെട്ട പ്രതികൾ ഉപയോഗിച്ചത് ശാന്തകുമാരിയുടെ പേരിലുള്ള സിം ആണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്താൻ ശ്രമം നടന്നത്.