വിവാഹത്തട്ടിപ്പ് പ്രതി അറസ്റ്റില്‍

By Web DeskFirst Published Jul 12, 2016, 5:37 PM IST
Highlights

കോഴിക്കോട്: മുപ്പതോളം വിവാഹ തട്ടിപ്പ് കേസുകളിലെ പ്രതി പിടിയിൽ . കണ്ണൂ‍ർ പയ്യന്നൂർ സ്വദേശിയായ ആന്റണി ബിജുവിനെയാണ് കോഴിക്കോട് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.  വ്യാജ ഫോട്ടോകളുപയോഗിച്ച് വിവാഹാലോചനകൾ നടത്തുന്ന ഇയാൾ ഇന്ത്യൻ ഹോക്കി ക്യാപ്റ്റ്യൻ ശ്രീജേഷിന്റെ ഫോട്ടോ ഉപയോഗിച്ച് തട്ടിപ്പ് നടത്താനും പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു.

അനാഥനാണെന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നുവെന്നും കാണിച്ച് ആന്റണി ബിജു പത്രത്തിൽ പരസ്യം നൽകും. ഇത് കണ്ട് ബന്ധപ്പെടുന്ന യുവതികളിൽ നിന്ന് ഇയാൾ പണവും ആഭരണങ്ങളും തട്ടിയെടുക്കുകയായിരുന്നു പതിവ്.

പതിനാലാം വയസ്സിൽ നാടുവിട്ട ബിജു എറണാകുളത്ത് താമസിക്കുന്പോൾ വിവാഹ തട്ടിപ്പിനെ കുറിച്ച് പത്രത്തിൽ വന്ന വാർത്ത കണ്ടാണ് അത് പോലെ അനുകരിക്കാൻ തുടങ്ങിയത്.

കൊല്ലം, മലപ്പുറം, കണ്ണൂർ, പാലക്കാട്, കാസർകോട് എന്നിവിടങ്ങളിൽ നിന്ന് ഇയാ‌ൾ കല്ല്യാണം കഴിച്ചിട്ടുണ്ട്. കണ്ണൂർ പൊലീസ് ഇയാളെ ഒരിക്കൽ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.

ഓരോ യുവതികളെയും ബന്ധപ്പെടാൻ ഇയാൾ ഓരോ സിം കാർഡുകളാണ് ഉപയോഗിച്ചിരുന്നത്. സിം എടുക്കുന്നതിനായി കളഞ്ഞ് കിട്ടിയ തിരിച്ചറിയൽ കാർഡും പ്രശസ്തരുടെ മോർഫ് ചെയ്ത ചിത്രങ്ങളും ഉപയോഗിക്കും.
അവസാനമായി ഇയാൾ യുവതികൾക്ക് അയച്ച് കൊടുത്തത് ഇന്ത്യൻ ഹോക്കി താരം ശ്രീജേഷിന്റെ ചിത്രങ്ങളാണ്. മാനന്തവാടിയിൽ താമസിച്ചിരുന്നു ബിജുവിന് രണ്ട് പെൺമക്കളുണ്ട്. തട്ടിപ്പിലൂടെ കിട്ടുന്ന പണം ഇയാൾ ആർഭാട ജീവിതത്തിനായാണ് ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. നടക്കാവ് എസ് ഐ ജി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

click me!